രാത്രിയിൽ പെയ്തിറങ്ങുന്ന ഇടവപ്പാതി മഴ... കണ്ണെത്താ ദൂരത്തേക്ക് നീണ്ടു കിടക്കുന്ന നെൽപാടങ്ങൾ... അതിനങ്ങേയറ്റത്ത് വന്നുപോകുന്ന സൂര്യാസ്തമയങ്ങൾ... അതിനപ്പുറത്തെ കുന്നിൻ താഴ്‍വാരത്തെ കുഞ്ഞൻ കാവിലെ ഉത്സവങ്ങളുടെ താളപ്പെരുമ, മലയാളത്തിന്റെ കാഴ്ചകളെ കുറിച്ചു പറഞ്ഞു തുടങ്ങിയാൽ, എപ്പോഴെങ്കിലുമൊന്ന് എഴുതാനിരുന്നാൽ ഈ കാഴ്ചകളാകും മനസിൽ നിറയെ. പൂക്കാലവും പൂവിളിയും പൂവോണവുമൊക്കെ സമ്മാനിച്ച് മലയാളത്തിന്റെ നാളേയ്ക്ക് പുതിയൊരു അധ്യായം കൂടി എഴുതി ചേർത്തുകൊണ്ട് ഒരു ചിങ്ങമാസം കൂടി പിറവി കൊള്ളുമ്പോൾ മനസിൽ നിറയുന്നതും നന്മയുടെ ഈ കാഴ്ചകളാണ്. ഓർമകളിലേക്ക് പിൻ നടന്നുകൊണ്ട് പുനർജനിക്കുകയാണ് ഓരോ മലയാളിയും. ഈ ദിനത്തിൽ കേട്ടുണരാൻ ഒരു പാട്ടുമായി എത്തുകയാണ് മലയാള മനോരമ. മലയാള ഭാഷയ്ക്ക് മലയാള മനോരമയുടെ സമ്മാനമാണ് ഈ ഈണം. ചിങ്ങപ്പുലരിയെ ഒരു പാട്ടിലൂടെ മനോരമ വരവേൽക്കുമ്പോൾ അറിയാം ഈ പാട്ടിന്റെ കഥയെന്തെന്ന്. എന്തായിരുന്നു ഈ പാട്ടിന്റെ ഈണവഴിയെന്ന്...
പുതിയ കാല മലയാള സിനിമയിലെ പകരംവയ്ക്കാനില്ലാത്ത കാവ്യ സാന്നിധ്യമാണ് റഫീഖ് അഹമ്മദ്. 'മലയാളം മലയാളം മഴയുടെ താളം' എന്ന് തുടങ്ങുന്ന ഈ പാട്ട് എഴുതിയതും അദ്ദേഹമാണ്. മലയാള ഭാഷയ്ക്ക് മഴയുടെ താളമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അപ്പോൾ പാട്ടിന് ഇതിലും ചേരുന്നൊരു എഴുത്തുമില്ലല്ലോ. റഫീഖ് അഹമ്മദ് പറഞ്ഞു. മലയാള ഭാഷയ്ക്ക് മഴയുടെ താളമാണെന്ന്, നമ്മുടെ കലാരൂപങ്ങൾക്ക് എല്ലാം മഴയുടെ താളമാണെന്ന് തോന്നിയിട്ടുണ്ട്. അത്രമേൽ മനോഹരമാണ് ഈ ഭാഷ. അതാണ് തുടക്കം തന്നെ അങ്ങനെയായത്. മലയാള മനോരമ മലയാളത്തിന് സമർപ്പിക്കുന്ന പാട്ടിൽ മനോരമ എന്ന പദവും വരണമല്ലോ.
അക്ഷരങ്ങൾ കോർത്തൊരു
മുത്തുമാല തന്നിടാം
എന്റെ മനോരമ്യമാം
അങ്കണത്തിൽ വാ..വാ..
എന്നെഴുതിയത്. റഫീഖ് അഹമ്മദ് പറഞ്ഞു.
റഫീഖ് അഹമ്മദ്-എം ജയചന്ദ്രൻ കൂട്ടുകെട്ടിൽ മലയാളി കേട്ട പാട്ടുകളോരോന്നും ഒരിക്കലും മറവിയിലേയ്ക്കകലാത്ത ഈണങ്ങളായിരുന്നു. മനോരമയ്ക്കു വേണ്ടി ഇരുവരുമൊന്നിച്ചപ്പോഴും അങ്ങനെ തന്നെ. ചിങ്ങമാസത്തിന്റെ വിശുദ്ധിയും പ്രസരിപ്പും മനസിൽ നിറയ്ക്കുന്നു പാട്ടിന്റെ തുടക്കം തന്നെ. ലോകത്തെവിടെയായാലും ഏതൊരാളിന്റെയും മനസിലേക്ക് മലയാള മണ്ണിന്റെ ഓർമകളൊരു പൂവാഞ്ഞാൽ പോലെ ആടിയെത്തുന്ന തുടക്കം. മലയാളത്തിന്റെ ആനന്ദമാകാണം ഈ ഗാനം എന്നായിരുന്നു ഈണമിടുന്ന നേരം എം. ജയചന്ദ്രൻ ചിന്തിച്ചിരുന്നതത്രേ.
കാരണം മലയാളി മനസുകൊണ്ടും ശരീരം കൊണ്ടു പുനർജനിക്കുന്ന മാസമാണ് ചിങ്ങം. നമുക്ക് മുൻപേ നടന്നുപോയവര്‍ കാണിച്ചു തന്ന വഴികളിലൂടെ, മണ്ണിനെ മറക്കാതെയുള്ള യാത്രയ്ക്ക് പുതിയൊരു തുടക്കമാകുന്ന ദിനമാണ് ചിങ്ങപ്പുലരി.
'മലയാളി മലയാളത്തിൽ നിന്ന് അകന്നുപോകുന്ന ഈ കാലത്ത് ഇങ്ങനെയുള്ള പാട്ടുകൾ ഒരു ഉണർവാണ്. ഈ പാട്ട് മലയാളത്തിന്റെ ഈണമാണ്. അങ്ങനെയാകണമെന്നാണ് ഞാൻ അഗ്രഹിക്കുന്നത്. ലോകത്തിലുള്ള എല്ലാ മലയാളികൾക്കും എന്റെ സമ്മാനവും കൂടിയാണ് ഈ പാട്ട്.' - എം.ജയചന്ദ്രൻ പറയുന്നു. 'മലയാളി എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്ന ആനന്ദമാണ് ഈ ഈണത്തിലേക്കെത്തിച്ചത്. മലയാള ഭാഷയ്ക്കുള്ള ഈണം. അതിനെ നമ്മൾ ചേർത്തുനിർത്തണമെന്ന് പറയുന്ന ഈണം.' എം.ജയചന്ദ്രൻ വ്യക്തമാക്കി.
മലയാളത്തിന്റെ കുഞ്ഞു ഗായിക ശ്രേയ ജയദീപിനെയാണ് ഈ പാട്ടിന്റെ സ്വരമാകാൻ എം. ജയചന്ദ്രൻ തിരഞ്ഞെടുത്തത്.
തുഞ്ചന്റെ പൈങ്കിളി
പഞ്ചവർണ പൈങ്കിളി
കൊഞ്ചും മണിച്ചുണ്ടുമായ്
തഞ്ചി വാ...വാ...എന്ന വരികൾ പാടാൻ ഇതിലും അനുയോജ്യമായ മറ്റേതു സ്വരമാണുള്ളത്.
എം.ജയചന്ദ്രന്റെ പാട്ടുകളോട് അല്ലെങ്കിലേ ശ്രേയക്കുട്ടിയ്ക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. അത് നല്ല ഈണങ്ങളാകും പാടാന്‍ ആരും കൊതിയ്ക്കുന്ന ഈണങ്ങളാകുമെന്ന് അവൾക്കുറപ്പുണ്ട്. ശ്രേയയുടെ അമ്മ പ്രസീത പറയുന്നു. ഒരു യാത്രയ്ക്കിടയിലാണ് മൊബൈലിലേക്ക് ഈ ഈണം ജയചന്ദ്രൻ സർ അയച്ചു തന്നത്. അന്നേരം ഞങ്ങള്‍ എയർപോർട്ടിലായിരുന്നു. അവിടെ റെയ്ഞ്ച് പ്രശ്നമായതോടെ ഡൗൺലോഡ് ആയി കിട്ടുന്നേയുണ്ടായിരുന്നില്ല. ഒടുവിൽ ഫ്ലൈറ്റിൽ വച്ച് എല്ലാം ശരിയായി കിട്ടിയതോടെ ആ യാത്രയ്ക്കിടെ മുഴുവൻ നേരവും ശ്രേയ പാട്ടു കേട്ടിരിക്കുകയായിരുന്നു. ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക് അന്നേരം തന്നെ. സാധാരണ ചില പാട്ടുകൾ പാടി പഠിയ്ക്കാൻ ശ്രേയക്കുട്ടിയെ ചെറുതായിട്ട് നിർബന്ധിയ്ക്കേണ്ടി വരാറുണ്ട്. ഈ പാട്ടിന്റെ കാര്യത്തിൽ പക്ഷേ അതുണ്ടായില്ല. - അമ്മ പ്രസീത പറഞ്ഞു.
ഞങ്ങളെ സംബന്ധിച്ച് ഇത് വലിയൊരു ആദരം കൂടിയാണ്. ഓർമ വച്ച നാൾ മുതൽ കേൾക്കുന്നതാണ് മലയാള മനോരമ എന്ന പേര്. അവർ മലയാള ഭാഷയ്ക്ക് ഒരു പാട്ടിലൂടെ പ്രണാമം അർപ്പിക്കുമ്പോൾ അതിൽ ശ്രേയയുടെ സ്വരം വരുന്നത് വലിയൊരു ഭാഗ്യമാണ്. - പ്രസീത പറഞ്ഞു.
ഇതാണ് മലയാള മനോരമ മലയാള ഭാഷയ്ക്കു സമ്മാനിച്ച പാട്ടിന്റെ കഥ. മലയാള ഭാഷയുടെ പിതാവിനെ കാവ്യമനോഹരമായി ഓർത്തെടുത്ത് മൊഞ്ചേറെയുള്ള ഭാഷ അനശ്വരമാകട്ടെെയന്ന് പാടിയവസാനിപ്പിക്കുന്ന പാട്ടിന്റെ കഥ. അറിഞ്ഞോ അറിയാതെയോ മലയാളി മലയാള ഭാഷയിൽ നിന്ന് അകന്നുപോകുന്ന ഇക്കാലത്ത് ഇത്തരം ചില ആവിഷ്കാരങ്ങളും ശക്തമായ ഓർമപ്പെടുത്തൽ കൂടിയാണ്. കേൾക്കാം...കേട്ടുണരാം...മനസിൽ കോർത്തുവയ്ക്കാം ഈ ഈണം..പ്രണാമമർപ്പിക്കാം മലയാള ഭാഷയ്ക്ക്.