മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ ...
തലമുറകളിലൂടെ വാമൊഴിയായി പാടിപ്പതിഞ്ഞതെങ്കിലും ഓണത്തിനു വീണ്ടും വീണ്ടും പാടുന്ന ഓണപ്പാട്ട്. ഗ്രാമങ്ങൾ തോറും കുട്ടികളൂം മുതിർന്നവരുമെല്ലാം ഓണക്കളികളുടെ ഭാഗമായി പാടിയിരുന്ന പാട്ട്. എല്ലാ ഓണപ്പാട്ടുകളിലും എന്നപോലെ നിലനിന്നിരുന്ന കാർഷികവൃത്തിയോടുള്ള ബന്ധം വരികളിൽ നിറച്ച പാട്ട്.മലയാളിയുടെ ഈ ഓണപ്പാട്ട് തന്നെയാണെന്നു മലയാള സിനിമയിലെയും ആദ്യത്തെ ഓണപ്പാട്ട്.
1955 മെയ് 5 നു റിലീസായ ന്യൂസ് പേപ്പർ ബോയി എന്ന സിനിമയുടെ ഭാഗമായാണ് ഈ പാട്ട് പുറത്തുവരുന്നത്. കമുകറ പുരുഷോത്തമൻ, ശാന്ത പി നായര്‍ ,ടി എ ലക്ഷ്മി എന്നിവർക്കൊപ്പം ചിത്രത്തിന് സംഗീതമൊരുക്കിയ എ വിജയനും എ രാമചന്ദ്രനും ചേർന്നാണ് ഈ ഗാനം പാടിയത്. രണ്ടു സിനിമകളില്‍ക്കൂടി ഈ പാട്ട് പാഠഭേദങ്ങളോടെയും അല്ലാതെയും ഉപയോഗിക്കപ്പെടുന്നുണ്ട്.
ഈ ഓണപ്പാട്ട് പാഠഭേദങ്ങളോടെ പ്രചാരത്തിലുണ്ടായിരുന്ന ആരോമൽ പൈങ്കിളി പെൺകിടാവേ ... എന്നു തുടങ്ങുന്ന ഒരു പുരാതന പാട്ടിൻറെ ഭാഗമാണ്. എഴുതിയത് ആരാണെന്നറിയാത്ത ഓണപ്പാട്ടിനു മഹാബലിചരിതം എന്നു പേരുണ്ടെന്നും രചനാകാലം ഒമ്പതോ പത്തോ ശതകങ്ങളാണെന്നും മഹാകവി ഉള്ളൂർ എസ്സ് പരമേശ്വരയ്യർ തൻറെ സാഹിത്യചരിത്രത്തിൽ പറയുന്നു. കേരള സർവ്വകലാശാലയുടെ 'പാട്ടുകള്‍' ഒന്നാം ഭാഗത്തിൽ നിന്ന് ഓണ വിജ്ഞാനകോശത്തില്‍ മറ്റൊരു പാഠം ഉദ്ധരിച്ചിട്ടുണ്ട്. ഹെർമ്മന്‍ ഗുണ്ടർട്ട് ജർമ്മനിയിലേക്കു കൊണ്ടുപോയ മലയാള കൃതികള്‍ ജർമ്മനിയിൽ കണ്ടെടുത്ത ഡോ. സ്കറിയാ സക്കറിയ പല വാല്യങ്ങളായി പ്രസിദ്ധീകരിച്ചവയിൽ ഈ പാട്ടിൻറെ മറ്റൊരു പാഠഭേദവുമുണ്ട്. സഹോദരന്‍ അയ്യപ്പൻ നവോത്ഥാന കാലത്തെ സാമൂഹിക നവീകരണ ശ്രമങ്ങളുടെ ഭാഗമായി ഈ പാട്ടിനെ അവലംബമാക്കി മറ്റൊരു സ്വതന്ത്രകൃതിയും രചിച്ചു.
ഈ പാരമ്പരാഗത ഗാനം ആദ്യമായി ഒരു ചലച്ചിത്രത്തിൻറെ ഭാഗമായപ്പോൾ അത് ആദ്യകാല മലയാള സിനിമയിൽ അതുവരെ പരിചിതമായ പതിവ് രീതികളിൽ നിന്നുള്ള മാറിനടക്കലുകളിൽ ഒന്നായി മാറി. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രമായിരുന്നു പി രാമദാസ് സംവിധാനം ചെയ്ത ന്യൂസ് പേപ്പർ ബോയി. സാധാരണ ജനങ്ങളുടെ ജീവിതം പച്ചയായി ചിത്രീകരിച്ച ചിത്രം. രാമദാസിന്റെ നേതൃത്വത്തിൽ ആത്മവിശ്വസം മാത്രം കൈമുതലായ ഒരു പറ്റം കോളേജ് വിദ്യാർത്ഥികളുടെ ധീരമായ ഉദ്യമമായിരുന്നു അത്. ലോകത്തിലെ തന്നെ അത്തരത്തിലുള്ള ആദ്യ പരീക്ഷണ സംരംഭം. സംസ്‌ഥാന സർക്കാരിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് 2007 ൽ രാമദാസ് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലേ...
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കും ഒട്ടില്ല താനും...
കള്ളവുമില്ല ചതിയുമില്ലാ
എള്ളോളമില്ലാ പൊളി വചനം...
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങ്‌ള്‍ മറ്റൊന്നുമില്ലാ...
പൊതുവെ ഉപയോഗിക്കപ്പെടാത്ത “നല്ലവരല്ലാതെ ഇല്ല പാരിൽ നല്ല മഴ പെയ്യും വേണ്ടുവോളം” എന്ന രണ്ടു വരികളാണ് ഈ സിനിമാപാട്ടിൽ ഉപയോഗിച്ചിരിക്കുന്നത്.
നല്ലവരല്ലാതെ ഇല്ല പാരില്‍
നല്ല മഴ പെയ്യും വേണ്ടുവോളം...
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങളെങ്ങുമില്ല...
ചിത്രത്തിൽ ആകെ 12 പാട്ടുകളാണ് ഉണ്ടായിരുന്നത്. ഇരയിമ്മൻ തമ്പിയുടെ ഓമനത്തിങ്കൽ കിടാവോ ... എന്ന താരാട്ടും നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ ... എന്ന പരമ്പരാഗത ഗാനവും സംവിധായകൻ ഈ ചിത്രത്തിൽ ഉപയോഗിച്ചു. പി ഗംഗാധരന്‍ നായരും കെ സി പൂങ്കുന്നവുമാണ് ചിത്രത്തിലെ മറ്റു പാട്ടുകൾ രചിച്ചത്. ഗ്രാമഫോൺ റെക്കോർഡുകൾ ഇറക്കാതിരുന്നതു കൊണ്ടു ചിത്രത്തിലെ മറ്റു ഗാനങ്ങൾക്കൊപ്പം ഈ ഓണപ്പാട്ടിനും വേണ്ടത്ര പ്രചാരം കിട്ടാതെ പോയി.
1973 ൽ റിലീസായ മാധവിക്കുട്ടി എന്ന ചിത്രത്തിൽ മാവേലി നാടുവാണീടും കാലം ... എന്ന പരമ്പരാഗത ഗാനം ചില ചേര്‍ക്കലുകളോടും നീക്കലുകളോടുംകൂടി വീണ്ടും ഉപയോഗിക്കപ്പെട്ടു. തോപ്പിൽ ഭാസി സംവിധാനം ചെയ്ത ഈ ചിത്രം 1973ൽ ജയഭാരതിക്ക് മികച്ച നടിക്കും ബഹദൂറിന് മികച്ച രണ്ടാമത്തെ നടനും ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്തു.
വയലാര്‍ രചിച്ച് പി ലീലയും സംഘവും പാടിയ ഗാനം ശങ്കരാഭരണ രാഗത്തിലാണ് ദേവരാജന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ആറ് വരികൾ പഴയ ഓണപ്പാട്ടിൽ നിന്നുതന്നെ.
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ ...
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം ...
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല ...
ഇനിയുള്ളത് തുമ്പിതുള്ളലും പൂവും ഓണക്കളികളും വയലാർ കൂട്ടിച്ചേർത്ത ഓണപ്പാട്ടാണ്.
എന്താ തുമ്പീ തുള്ളാത്തെ തുമ്പീ തുള്ളാത്തെ
എന്താ തുമ്പീ തുള്ളാത്തെ തുമ്പീ തുള്ളാത്തെ
പൂവു പോരാഞ്ഞോ പൂക്കില പോരാഞ്ഞോ
ആളു പോരാഞ്ഞോ അലങ്കാരം പോരഞ്ഞോ
എന്താ തുമ്പീ തുള്ളാത്തെ തുമ്പീ തുള്ളാത്തെ
ഒരുകേറിയ പെണ്ണു തരാം പുടവേം തരാം
പെണ്ണിനെ തരീൻ വാണിമാരേ
പെണ്ണിനെ തരീൻ വാണിമാരേ
ഒരുകേറിയ പെണ്ണു വേണ്ട പുടവേം വേണ്ടാ
പെണ്ണിനെ തരില്ല വാണിമാരെ
ആക്കയിലീക്കയ്യിലോ മാണിക്ക്യചെമ്പഴുക്കാ
അരുകയ്യിലോ ഇരുക്കയ്യിലോ മാണിക്ക്യചെമ്പഴുക്കാ
ദാപോയോ ദാപോയോ മാണിക്യചെമ്പഴുക്ക
ആകയ്യിലീക്കയ്യിലോ മാണിക്ക്യചെമ്പഴുക്കാ
ഒന്നാകും കാലു പിണഞ്ഞാൽ
കൈമേൽ കുടം കിടന്നാലും
പൂ..പൂ..പൂ
ഒന്നു പെറ്റ നാത്തൂനാരേ
മീൻ കളി കാണാൻ പോരുന്നോ
പൂ.പൂ..പൂ..
മീൻ കളിച്ചു മറിഞ്ഞു വരുമ്പോൾ
മീന്റെ വാലൊരു പൂവാല്
പൂ..പൂ..പൂ..
ചിത്രത്തിലെ ജയചന്ദ്രൻ പാടിയ മാനത്തു കണ്ണികൾ മയങ്ങും കയങ്ങൾ ... എന്ന ഗാനം ശുദ്ധധന്യാസി രാഗത്തിലും പി മധുരിയും സംഘവും പാടുന്ന ഇരയിമ്മന്‍ തമ്പിയുടെ വീരവിരാട കുമാര വിഭോ ... എന്നാരംഭിക്കുന്ന കുമ്മി ആനന്ദഭൈരവി രാഗത്തിലുമാണ് ദേവരാജൻമാഷ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മഹാബലി (1983) എന്ന സിനിമയിലും ഈ ഓണപ്പാട്ടിന്‍റെ ഏതാനും വരികൾ ഉപയോഗിക്കുന്നുണ്ട്. ശ്രീ മുരുകാലയ ഫിലിംസിൻറെ ബാനറിൽ ശശികുമാർ സംവിധാനം ചെയ്ത സിനിമയാണ് മഹാബലി.
ശങ്കരാഭരണരാഗത്തിൽ എം കെ അർജ്ജുനൻ ചിട്ടപ്പെടുത്തി പി മാധുരി പാടിയിരിക്കുന്ന ഗാനം പഴയ ഓണപ്പാട്ടുതന്നെ. കുട്ടിക്കാലത്ത് ചെറിയ ക്ലാസ്സിലെ മലയാള പാഠാവലിയിൽ നിന്ന് ചൊല്ലിപ്പഠിച്ച അതെ വരികൾ.
മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ ...
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും ...
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം ...
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല ...(മാവേലി..)
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല ...
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ ... (മാവേലി..)
ചിത്രത്തിലെ മറ്റു ഗാനങ്ങളെല്ലാം എം കെ അർജ്ജുനൻ പാപ്പനംകോട് ലക്ഷ്മണന്‍ ടീമിന്‍റെയാണ്. ഹിന്ദോള രാഗത്തില്‍ അർജ്ജുനൻ മാഷ് ഈണമിട്ട് കൃഷ്ണചന്ദ്രനും വാണി ജയറാമും ചേര്‍ന്ന് ആലപിച്ച സൗഗന്ധികങ്ങൾ വിടർന്നു ... എന്ന ഗാനവും ഉണ്ണിമേരിയും രാജ്കുമാറും ചെയ്യുന്ന നൃത്തവും സിനിമ കണ്ടവരുടെയെല്ലാം മനസ്സിൽ എന്നും ഉണ്ടാവും.
ഇന്ന് മലയാള ചലച്ചിത്ര ഗാനശേഖരത്തിൽ ഓണപാട്ടുകളും ഒരു പ്രത്യേക വിഭാഗമാണ്. പ്രണയം, വിരഹം, ഭക്തി, ഹാസ്യം, താരാട്ട്, വിഷു, ക്രിസ്തുമസ് പോലെ ഓണവും ചലച്ചിത്രഗാനങ്ങൾക്ക് ഒരു വിഷയമാണ്. ചലച്ചിത്രങ്ങളും അതിലെ ഗാനങ്ങളും അനുകരണങ്ങളുടെ ഇത്തിരി വട്ടത്തിൽനിന്ന് പുറത്തുചാടി കാലികവും സാമൂഹിക പ്രതിബദ്ധവുന്ന രൂപപരിണാമത്തിനു തുടക്കം നീലക്കുയിൽ, ന്യൂസ് പേപ്പർ ബോയ് പോലെയുള്ള ചിത്രങ്ങളാണ്. ഗാനരചനാ രംഗത്തു പി ഭാസ്കരൻ, വയലാർ, ഓ എൻ വി, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി എന്നിവരൊക്കെ ഈ മാറ്റത്തിന്‍റെ പതാക വാഹകരുമായി. മലയാള സിനിമയിലെ ഓണപ്പാട്ടുകളുടെ തുടക്കം മാവേലി നാടുവാണീടുംകാലം ... എന്ന പരമ്പരാഗത ഗാനത്തിൽ നിന്നായിരുന്നു.
Read More on Malayalam Onam Songs
Read More Songs for Onam Celebration