മലയാളം പാട്ടുകളുടെയും മറ്റും കവർ വേർഷനുകളിൽ നിന്നു തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക്ക് ബാൻഡിന്റെ വളർച്ച അറിയണമെങ്കിൽ 'ഇൻസൈഡ് മൈ ഹെഡ്' എന്ന പുതിയ സിംഗിൾ കേൾക്കണം. തൈക്കൂടം ബ്രിഡ്ജ് ഇതുവരെ പുറത്തിറക്കിയ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. ബാൻഡിന്റെ പതിവു ജോണറുകളിൽ നിന്നെല്ലാം മാറിനിന്നുള്ള ഒരു ശ്രമം, റോക്ക് സംഗീതം ഇഷ്ടപ്പെടുന്നവരുടെ ഹോട്ട് ചാർട്ടിൽ ഇടം പിടിക്കുമെന്നു തീർച്ച.
മേഘാലയയിലെ ലാഡ് മുഖ്‌ലയിലെ കുന്നിൽചെരിവുകളിൽ നടന്ന എൻഎച്ച് 7 വീക്കൻഡറിലാണു ഇൻസൈഡ് മൈ ഹെഡ് ആദ്യമായി കേൾക്കുന്നത്. വിഡിയോ സിംഗിൾ കേൾക്കുമ്പോഴാണു ഡ്രമ്മിൽ മാർക്കോ മിൻമാന്റെ പക്വത നിറഞ്ഞ ബീറ്റും മിഥുൻ രാജുവിന്റെ സുന്ദരമായ ഗിറ്റാർ സ്ട്രിങ്സും അനീഷിന്റെ ശബ്ദവും ചെവിയിൽ തിരയടിച്ചത്. ഇൻസൈഡ് മൈ ഹെഡ് നിങ്ങളെ പിടിച്ചുലയ്ക്കുമെന്നു തീർച്ച.
ഒട്ടേറെ പ്രത്യേകതകളുണ്ട് പാട്ടിന്. പ്രോഗ്രസീവ് റോക്ക് എന്ന ഗണത്തിൽ പെടുത്താവുന്നതാണ് പാട്ട്. സ്റ്റീവൻ വിൽസൺ, പൊർക്കുപ്പൈൻ ട്രീ തുടങ്ങിയ പ്രോ-റോക്ക് രാജാക്കാൻമാരുടെ പ്രചോദനം കണ്ടാൽ ആശ്ചര്യപ്പെടേണ്ടതില്ല. ആദ്യത്തെ ഭംഗി മാർക്കോ മിൻമാന്റെ ഡ്രംസ് തന്നെ. ഭീകരമായ ബീറ്റുകളെക്കാൾ ചടുലവും എന്നാൽ പക്വത നിറഞ്ഞതുമായ ഡ്രംസ് താളങ്ങൾ കൊണ്ട് മാർക്കോ ഹരം പിടിപ്പിക്കുന്നു. ജർമ്മനിയിൽ ജനിച്ച് കാലിഫോർണിയിയൽ ജീവിക്കുന്ന മാർക്കോ എന്ന ലോകപ്രശസ്ത സംഗീതജ്ഞനെ പാട്ടിൽ കൂടെക്കൂട്ടാൻ സാധിച്ചുവെന്നതു ഇൻസൈഡ് മൈ ഹെഡിന്റെയും തൈക്കൂടം ബ്രിഡ്ജിന്റെയും നേട്ടം.
പതിവു പോലെ ഓർക്കസ്ട്രേഷന് ഏറെ പങ്കുണ്ട് പാട്ടിൽ. മിഥുൻ രാജുവിന്റെ ലീഡും അശോക് നെൽസണിന്റെ റിഥവും വിവിയാന്റെ ബേസുമെല്ലാം ഇഴുകിചേർന്നിരിക്കുന്നു. റുഥിൻ തേജിന്റെ കീബോർഡ് സ്ട്രിങ്സും ഭംഗിയായിട്ടുണ്ട്. അനീഷ് കൃഷ്ണനാണു ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ബാൻഡിന്റെ ശബ്ദമെന്ന നിലയിൽ അനീഷ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നു തീർച്ച. ആദ്യ വരികളിലെ പതിഞ്ഞ ശബ്ദത്തിന്റെ മികത്വവും പിന്നീടു കേൾക്കുന്ന ഹൈ പിച്ചിന്റെ അടക്കവുമെല്ലാം ഇതിനു തെളിവ്.
സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ആശയത്തിനു വിവേക് തോമസാണു വീഡിയോ ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നത്. ഛായാഗ്രഹകൻ സുജിത്ത് വാസുദേവനാണു ക്യാമറ. സിംഗിളിനൊപ്പം തിളങ്ങി നിൽക്കുന്നതാണ് വീഡിയോയും എന്നു നിസംശയം പറയാം. ഒരോ ഗാനങ്ങൾ പുറത്തിറങ്ങുന്തോറും തൈക്കൂടം ബ്രിഡ്ജ് മെച്ചപ്പെടുത്തുന്നുവെന്നത് ആശ്വാസവും സന്തോഷവും പകരുന്ന കാര്യമാണ്. കൂടുതൽ സംഗീതജ്ഞരുമായുള്ള ഇടപെടലും സംഗീത അവതരണങ്ങളുമെല്ലാം അവരുടെ ഗാനങ്ങളെ പുതിയ വഴികളിലേക്കു നടത്തുന്നുവെന്നതു സന്തോഷം. സിനിമാ ഗാനങ്ങളുടെ ശ്രേണിയിലുള്ള കയ്യടികളേക്കാൾ ഇത്തരത്തിലുള്ള പ്രൊഡക്ഷനുകളാണു ബാൻഡ് എന്ന നിലയിൽ തൈക്കൂടം ബ്രിഡ്ജ് നൽകേണ്ടത്.
ലാസ്റ്റ് ബീറ്റ്: വരികൾ എഴുതിയിരിക്കുന്നത് മുതിർന്ന സിപിഎം നേതാവ് എം.എ. ബേബിയുടെ മകനാണ്. വരികളിൽ അൽപ്പം വിപ്ലവം കേട്ടാൽ അത്ഭുതപ്പെടേണ്ട.