നീരജ് മാധവ് നായകനായ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലെ ആദ്യ ഗാനം നമുക്ക് ഒരുപാടിഷ്ടമായതാണ്. ചിത്രത്തിലെ രണ്ടാം ഗാനവും അതുപോലെ രസകരമാണ്. ആദ്യ പാട്ടിലുണ്ടായിരുന്നത് പ്രണയമാണെങ്കിൽ ഈ പാട്ടിലുള്ളത് അടിയെ കുറിച്ചാണ്. വെള്ളത്തിന് അലയുന്ന നാട്ടിൽ, അതിനെ ചൊല്ലി നടക്കുന്ന അടിയും അത് തീർക്കുന്ന കോമഡിയുമൊക്കെയാണ് പാട്ടിലുള്ളത്. പൈപ്പിൻ ചോട്ടില് എന്നു തുടങ്ങുന്ന പാട്ട് ചിത്രത്തിന്റെ തീം സോങ് ആണ്. ബിജിബാലിന്റേതാണു സംഗീതം.
സൗമ്യ രാമകൃഷ്ണനാണ് പാട്ട് പാടിയത്. വരികൾ ബി.കെ.ഹരിനാരായണന്റേതാണ്. ഗ്രാമത്തിലെ പ്രണയവും അടിയും കളിയുമൊക്കെ ജലദൗർലഭ്യതയുടെ ദൂഷ്യവശത്തോടു ചേർത്തുവച്ചു പാടുന്നത് കേൾക്കാൻ രസകരമാണ്. റീബ മോണിക്ക, അജു വർഗീസ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രം ഡോമിൻ ഡിസിൽവയാണ് സംവിധാനം ചെയ്യുന്നത്.