കുട്ടിത്തം മാറാത്ത സ്വരം: ദയ ബിജിബാൽ ഗാനങ്ങളിലൂടെ...

കുട്ടികൾക്കായുള്ള ദിനമാണിന്ന്. എല്ലാ കുട്ടികളോടും ആശംസ പറയുമ്പോൾ ഈ പാട്ടുകാരിയോട് അൽപം സ്പെഷലായി പറയണം. മലയാളത്തിന്റെ പിന്നണി ഗാനരംഗത്തെ കുഞ്ഞു സ്വരങ്ങൾക്കിടയിൽ ശ്രദ്ധേയയായ ദയാ ബിജിബാലിന്റെ പിറന്നാൾ ആണിന്ന്. സംഗീത സംവിധായകൻ ബിജിബാലിന്റെ മകളാണ് ദയ. ഒട്ടേറെ മികച്ച ഗാനങ്ങൾ പാടിത്തന്നിട്ടുള്ള ദയയുടെ സംഗീത യാത്രയിലൂടെ... 

ബേസിൽ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലൂടെയാണ് ദയ പിന്നണി ഗാനരംഗത്തെത്തുന്നത്. വെറുതെ ഒരു പരീക്ഷണത്തിനു ദയയെക്കൊണ്ടു പാടിച്ചതായിരുന്നു ബിജിബാൽ. പാവാട എന്ന ആ പാട്ട് എഴുതിയ മനു മഞ്ജിത് ആയിരുന്നുവത്രേ ദയയുടെ പേര് നിര്‍ദേശിച്ചത്. കുട്ടിത്തം നിറഞ്ഞ സ്വരത്തിൽ, വരികളുടെ അർഥം ഉൾക്കൊണ്ട് കുട്ടികൾ പാടുന്നതു കേൾക്കുക കൗതുകമാണല്ലോ. ആ പാട്ട് ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ നിരവധി ചിത്രങ്ങളിലും ആൽബങ്ങളിലും ദയ പാടി. സംഗീത സംവിധായകനായ ബിജിബാലിന്റെ മകൾ എന്നതിലപ്പുറം ദയയുടെ സ്വരവും ആലാപന ശൈലിയും ചെന്നെത്തി. കുഞ്ഞു പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു ആ പാട്ടുകളെല്ലാം.

ദയയുടെ മറ്റൊരു ഹിറ്റായിരുന്നു ആടുപുലിയാട്ടത്തിൽ രതീഷ് വേഗ ഈണമിട്ട റാറ്റിനോ റാറ്റിനോ രംഗ രാസാ എന്ന പാട്ട്. ദയയുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ വെളളാരം കണ്ണുള്ള വെള്ളിമൂങ്ങ എന്ന പാട്ട്. സെജോ ജോൺ ഈണമിട്ട സർ സിപിയിലെ ടൈറ്റിൽ ഗാനം ‘കട്ടുറുമ്പിനും’ പാടിയ വലിയ കുട്ടി സംഘത്തിൽ ദയയുമുണ്ടായിരുന്നു. ജിലേബി എന്ന ചിത്രത്തിലും ഇതുപോലൊരു പാട്ട് ദയ പാടിയിരുന്നു. 

ഇതിനിടയിൽ ഒരു തമിഴ് ഗാനത്തിലും ദയ പാടി, വൈക്കം വിജയലക്ഷ്മിയ്ക്കൊപ്പം. വിജയലക്ഷ്മി ഉള്ളം തൊട്ടു പാടിയ വാസമുല്ല പൂവാ എന്ന പാട്ടിൽ ദയയുടേയും സ്വരമുണ്ടായിരുന്നു. യുഗഭാരതി വരികൾ‌ എഴുതി ജസ്റ്റിൻ പ്രഭാകരൻ ഈണമിട്ട പാട്ടായിരുന്നു അത്. 

നിരവധി സംഗീത ആൽബങ്ങളിലും ദയ പാടിയിട്ടുണ്ട്. അഫ്സൽ യൂസഫ് ഈണമിട്ട സ്നേഹവർഷം എന്ന, ക്രിസ്തുവിനെക്കുറിച്ചുളള പാട്ട് അക്കൂട്ടത്തിലുള്ളതായിരുന്നു. ഗാനരചയിതാവ് സന്തോഷ് വർമ എഴുതി ഈണമിട്ട ‘ഇടയനായ് നീയെന്നും’ എന്ന പാട്ട് നജീം അർഷാദിനൊപ്പം ദയ പാടിയതാണ്.

ദയയുടെ പാട്ട് എന്ന് കേൾക്കുമ്പോൾ ഓർമ വരിക ഒരു ഓണപ്പാട്ടാണ്. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ എന്ന പാട്ട് എക്കാലത്തേയും മികച്ച ഓണപ്പാട്ടുകളിലൊന്നാണ്. പട്ടു പാവാടയുടുത്ത് ഓടിവന്നിരുന്ന് ദയ പാടുന്നത് കേൾക്കാനും ആ രംഗങ്ങൾ കണ്ടിരിക്കാനും ഒരു പ്രത്യേക ഫീൽ തന്നെയാണ്. ബാല്യകാലത്തെ ഓണത്തെ അനുസ്മരിപ്പിക്കുന്ന ആ പാട്ട് ഇനിയെന്നും ഓർമയിലുണ്ടാകും. ഓണമെന്ന പോലെ പ്രിയപ്പെട്ട വിഷുക്കാലത്തുമെത്തി മഞ്ഞക്കണിക്കൊന്ന പോലെ നിർമലമായൊരു ദയ ഗാനം. ഓടക്കുഴൽ വിളി എന്ന പാട്ടിന്റെ വിഡിയോയിലും കണിക്കൊന്നയുമായി പട്ടു പാവാടയുടുത്ത് ഓടിനടക്കുന്ന ദയ മാത്രമാണുള്ളത്. വിഡിയോയ്ക്ക് ദൃശ്യങ്ങൾ പകർത്തിയത് സഹോദരൻ ദേവദത്തും ആദർശും ചേർന്നായിരുന്നു. 

കുട്ടിത്തം മാറാത്ത സ്വരത്തിൽ ഭാവാർദ്രമായി പാടുന്നുവെന്നതാണ് ദയ ബിജിബാൽ ഗാനങ്ങളുടെ പ്രത്യേകത. നല്ലൊരു നർത്തകിയും കൂടിയാണ് ദയ.