സമൂഹമാധ്യമത്തിലെത്തുന്ന ചില സന്ദേശങ്ങളും വാർത്തകളും നമ്മുടെ കണ്ണു നനയിച്ചു കൊണ്ടേയിരിക്കും. കണ്ടില്ലെന്നു വയ്ക്കാൻ എത്ര ശ്രമിച്ചാലും നോവിക്കും അവ നമ്മെ. അത്തരത്തിലൊരു വിഡിയോയാണ് സംഗീത സംവിധായകൻ ബിജിബാൽ ശിശുദിനത്തിൽ പങ്കുവച്ചത്. ഭാര്യ ശാന്തി മകൾ ദയയെ ഡാൻസ് പഠിപ്പിക്കുന്നതാണ് രംഗം. കഴിഞ്ഞ ഓഗസ്റ്റിലാണ് നർത്തകി കൂടിയായ ശാന്തി വിട വാങ്ങിയത്. ആ ഓർമകളാണ് ബിജിബാൽ പങ്കുവച്ചത്.
ഭഗവാൻ ശ്രീകൃഷ്ണന്റെ ബാല്യത്തെക്കുറിച്ചുള്ള നൃത്തമാണിത്. ഉണ്ണിക്കണ്ണനെപ്പോലെ വായ തുറന്ന് അമ്മയുടെ കയ്യിൽനിന്നു ഭക്ഷണം കഴിക്കുന്നതൊക്കെ കാണിക്കുകയാണ് ദയ. അമ്മ നിലത്തിരുന്നു കാട്ടുന്ന മുദ്രകള്‍ കുസൃതിയോടെ ആസ്വദിച്ച് അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മകൻ ദേവദത്താണ് വിഡിയോ പകർത്തിയത്. ഇന്നലെ ദയയുടെ പിറന്നാൾ കൂടിയായിരുന്നു. അമ്മയ്ക്കൊപ്പം നിരവധി വേദികളിൽ ദയയും നൃത്തം ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണനായി വേഷം കെട്ടി അമ്മയ്ക്കൊപ്പം ദയ നൃത്തം ചെയ്യുന്ന വിഡിയോ കവയിത്രി എം.ആർ. ജയഗീതയും സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. നിരവധി ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് ദയ.
അറിയപ്പെടുന്ന നർത്തികിയായിരുന്നു ശാന്തി. മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് മുപ്പത്തിയാറാം വയസിൽ ശാന്തി വിടവാങ്ങിയത്. രാമന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിനു വേണ്ടി ശാന്തി ചിട്ടപ്പെടുത്തിയ നൃത്തം ഏറെ ശ്രദ്ധേയമായിരുന്നു. ബിജിബാൽ ഈണമിട്ട ‘സകലദേവനുതേ’ എന്ന ഗാനത്തിനൊപ്പം ശാന്തി നൃത്തം ചെയ്യുന്ന വിഡിയോയും അതിമനോഹരമായിരുന്നു.