പിഴ തീർത്തു ‘ഹരിവരാസനം’ വീണ്ടും പാടാൻ യേശുദാസ്

പതിറ്റാണ്ടുകളായി ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ‘ഹരിവരാസനം’ ഉച്ചാരണപ്പിശകു തീർത്തു വീണ്ടും പാടാൻ ശബരീനാഥന്റെ ഭക്തോത്തമനായ കെ.ജെ.യേശുദാസ് തയാറെടുക്കുന്നു. കാര്യങ്ങൾ ഒത്തുവന്നാൽ ഈ മണ്ഡലകാലത്തു തന്നെ അയ്യപ്പഭക്തർക്ക് ഉച്ചാരണത്തെറ്റു തിരുത്തിയ ഹരിവരാസനം കേൾക്കാൻ ഭാഗ്യമുണ്ടാകും. ശാസ്താംകോട്ട കോന്നകത്തു ജാനകിയമ്മയാണ് 1923 ൽ ഹരിവരാസനം രചിച്ചത്. 

മെറിലാൻഡ് സുബ്രഹ്മണ്യം നിർമിച്ച ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമയിൽ ജി.ദേവരാജനാണ് ഈ കീർത്തനം സംഗീതം ചെയ്തു യേശുദാസിനെക്കൊണ്ടു പാടിച്ചത്. മൂലകൃതിയിൽ ഓരോ വരിയിലും സ്വാമി എന്നുണ്ടായിരുന്നതു മാറ്റിയാണു ദേവരാജൻ സംഗീതം നൽകിയത്. എന്നാൽ അദ്ദേഹം രണ്ടു വാക്കുകൾ കൂടി ചേർത്തപ്പോൾ അരി വിമർദനമെന്നതു രണ്ടായി ഉച്ചരിക്കുന്നതിനു പകരം അരിവിമർദനമെന്നാണു യേശുദാസ് പാടിയത്. 

ആ തെറ്റാണ് ഇപ്പോൾ തിരുത്തുന്നത്. ഇപ്പോൾ യുഎസിലുള്ള യേശുദാസ് 30നു കേരളത്തിലെത്തുമ്പോൾ ഹരിവരാസനം വീണ്ടും ആലപിച്ചു റെക്കോർഡ് ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ടെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ അമ്മയുടെ അപ്പച്ചിയാണു ഹരിവരാസനം രചിച്ച ജാനകിയമ്മ. അവരുടെ കുടുംബാംഗങ്ങളും ഹരിവരാസനം ട്രസ്റ്റും ഇക്കാര്യം യേശുദാസിനോട് ആലോചിച്ചിരുന്നുവെന്നും അദ്ദേഹം അയ്യപ്പന്റെ ഉറക്കുപാട്ട് വീണ്ടും റെക്കോർഡ് ചെയ്യുന്നതിനു സമ്മതിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.