തിരക്കഥയിലെ രണ്ടു പേജ് പാട്ടിനു വേണ്ടി: ഗൗതം മേനോൻ

ഗൗതം മേനോൻ സിനിമകളിലെ ഗാനങ്ങൾ നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്. തിരക്കഥാ രചനയിൽ പാട്ടുകൾക്ക് ഏറെ പ്രാധാന്യം നൽകുന്ന അപൂർവം സംവിധായകനാണ് അദ്ദേഹം. പാട്ടുകളുടെ ഈണ‌ത്തിൽ വ്യത്യസ്തതയും ഭംഗിയും ഇത്രമേൽ മനോഹരമായി ഇഴചേരുന്നത് എങ്ങനെയാണ് ? അതിനൊപ്പമുള്ള ദൃശ്യങ്ങളൊന്നു പോലും മറന്നുപോകാതെ പ്രേക്ഷകന്റെ മനസിലേക്കു ചേക്കേറുന്നത് എങ്ങനെയാണ് ? മനോരമ ഓണ്‍ലൈനിന്റെ ഐ മീ മൈ സെൽഫിൽ പാട്ടുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചപ്പോൾ.

‘‘എന്റെ തിരക്കഥകളിൽ എപ്പോഴും പാട്ടുകളുണ്ടാകും. സംഗീത സംവിധായകൻ ആരാണ് എന്നത് തീരുമാനിച്ചുറപ്പിച്ച ശേഷം അദ്ദേഹത്തിന്റെ അടുത്തു പോയി ഒരു പ്രണയഗാനം വേണം, അല്ലെങ്കിൽ ശോക ഗാനം വേണം എന്നു പറഞ്ഞ് മടങ്ങിപ്പോരുകയല്ല എന്റെ ശൈലി. തിരക്കഥയിൽ രണ്ടു പേജോളം ആ പാട്ടിനെ കുറിച്ച് വിവരണം ഉണ്ടാവും. അതിന്റെ മൂഡ് എന്താണ്, സാഹചര്യം എന്താണ്, വരികൾ എങ്ങനെ വേണം എന്നൊക്കെ പരാമർശിക്കുന്ന വിശദമായ കുറിപ്പ്. ഇതു സംഗീതസംവിധായകനു കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കും. മാത്രമല്ല മികച്ച സംഗീതസംവിധായകർക്കൊപ്പം എനിക്കു ജോലി ചെയ്യാനായി. ഒപ്പം അവരുടെ ഏറ്റവും മികച്ച ഇൗണങ്ങളും എനിക്കു ലഭിച്ചു. താമരയെപ്പോലുള്ളവർ അതിനു ചേർന്ന വരികളെഴുതി. അങ്ങനെ മികച്ച ഗാനങ്ങൾ ജനിച്ചു’’ അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര സംവിധായകനായ ആദ്യ ചിത്രം മിന്നലേ തൊട്ട് ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത എനൈ നോക്കി പായും തോട്ട വരെയുള്ള ചിത്രങ്ങൾ കണ്ടാൽ അറിയാം ഗൗതം മേനോൻ പാട്ടുകളുടെ സൃഷ്ടിക്ക് നൽകുന്ന പ്രാധാന്യത്തിന്റെ മികവ്. ഹാരിസ് ജയരാജ് എന്ന സംഗീത സംവിധായകനെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യ ചിത്രം വന്നതു പോലും. ചിത്രത്തിലെ വസീഗര എന്ന പാട്ട് അന്നും ഇന്നും കേൾവിയെ കൊതിപ്പിക്കുന്ന തമിഴ് പ്രണയപ്പാട്ടാണ്. കാക്ക കാക്ക, വാരണം ആയിരം, വേട്ടയാട് വിളയാട്, വിണ്ണൈത്താണ്ടി വരുവായ, അച്ചം എൻബദ് മടമൈയെടാ തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളിലും മികച്ച പാട്ടുകളുണ്ട്. ചിത്രങ്ങളുടെ പ്രൊമോഷനായി മിക്കപ്പോഴും ഉപയോഗിക്കുന്നതും ഈ പാട്ടുകൾ തന്നെ. 

വാലിയും വൈരമുത്തുവും താമരയും അമുധനും നാ മുത്തുകുമാറും അടക്കമുള്ള പ്രതിഭാധനരായ എഴുത്തുകാരാണ് അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകൾ എഴുതിയിട്ടുള്ളത്. ഗാനരചനാ രംഗത്ത് അത്രയ്ക്കു സജീവമല്ലാത്ത നടൻ ധനുഷും സംവിധായകരായ ശെൽവരാഘവനും രാജു മുരുഗനും വരെ ഗൗതം മേനോൻ ചിത്രങ്ങളിൽ ഗാനരചയിതാക്കളായി. ചില സംവിധായകരെ പോലെ കൃത്യമായി ഒരു സംഗീത സംവിധായകനെ തന്നെ പാട്ടുകൾ ഏൽപ്പിക്കുന്ന പതിവില്ല ഗൗതം മേനോന്. ദർബുക ശിവയും ഷോൺ റോൾദനും ഗൗതം മേനോൻ ചിത്രങ്ങളുടെ ഭാഗമാകുന്നതും അങ്ങനെയാണ്. എന്നൈ നോക്കി പായും തോട്ടൈയിലെ സംഗീത സംവിധായകനായ ദർബുക ശിവയുടെ പേര് പോലും ആദ്യം ഗൗതം മേനോൻ പുറത്തുവിട്ടിരുന്നില്ല. സംഗീത സംവിധായകന്റെ പേര് കണ്ടിട്ട് പാട്ടു കേൾക്കുന്ന രീതി ഒഴിവാക്കാനായിരുന്നു ഇത്. എങ്കിലും താമരയുടെ വരികളും ഹാരിസ് ജയരാജിന്റെ ഈണവുമാണ് മിക്ക ഗൗതം മേനോൻ ചിത്രങ്ങളിലുമുള്ളത്. തമിഴിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ വാരണം ആയിരത്തിലെ പാട്ടുകൾ ഒരുക്കിയതും ഇവർ ആയിരുന്നു.

സംവിധായകന്റെ കലയാണ് സിനിമ. ആ സംവിധായകൻ എത്രമാത്രം തീവ്രമായി ആഗ്രഹിക്കുന്നുവോ അത്രയും നല്ല ഗാനങ്ങൾ സിനിമയിലെത്തും എന്നതിന് ഉദാഹരണമാണ് ഗൗതം മേനോൻ. നല്ല പാട്ടുകൾ ഇല്ലാത്ത ചിത്രങ്ങളാണ് ഇന്നിന്റേത് എന്ന വാദങ്ങൾക്ക് നമുക്ക് ചൂണ്ടിക്കാണിക്കാം ഗൗതം മേനോൻ എന്ന സംവിധായകനെയും അദ്ദേഹത്തിന്റെ സിനിമയേയും.