മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ ആറിനു സംഘടിപ്പിക്കുന്ന ‘അമ്മ മഴവില്ല്’ മെഗാഷോയിൽ മലയാളത്തിലെ നൂറിലേറെ താരങ്ങൾ അണിനിരക്കുന്നു. അഞ്ചു മണിക്കൂറിലേറെ നീളുന്ന ഷോയുടെ റിഹേഴ്സൽ ക്യാംപ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. മൂന്നാം തീയതി മുതൽ തിരുവനന്തപുരത്തേക്കു റിഹേഴ്സൽ ക്യാംപ് മാറും.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളെല്ലാം റിഹേഴ്സൽ ക്യാംപിൽ കടുത്ത പരിശീലനത്തിലാണ്. മമ്മൂട്ടി ജയറാമിനും സിദ്ദിഖിനും ഒപ്പം ഡാൻസ് പഠിക്കുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്യാംപിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചും പരിപാടിയെക്കുറിച്ചും അമ്മ പ്രസിഡന്റായ ഇന്നസെന്റ് പറയുന്നതിങ്ങനെയാണ്.
‘‘അമ്മ മഴവില്ലിന്റെ റിഹേഴ്സൽ ക്യാംപിൽ നിന്നുള്ള രംഗങ്ങൾ പകർത്തുന്നതിനു ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതു മറ്റു പ്രശ്നങ്ങൾ കൊണ്ടല്ല. കഴിഞ്ഞ ദിവസം താൻ റിഹേഴ്സൽ ക്യാംപിൽ ചെല്ലുമ്പോൾ അവിടെ മമ്മൂട്ടി ഡാൻസ് പഠിച്ചു കൊണ്ടിരിക്കുകയാണ്. അതു ചാനലുകാർ കാമറയിൽ പകർത്തിയാൽ എന്തായിരിക്കും സ്ഥിതി? ഡാൻസ് ചെയ്യണമെന്നു തന്നോടും സംവിധായകൻ പറഞ്ഞു. നമുക്ക് പറ്റിയ പണിയല്ലേ ചെയ്യാൻ പറ്റൂ. ഇത്തരം സാഹചര്യം ഉള്ളതു കൊണ്ടാണ് റിഹേഴ്സൽ രംഗങ്ങൾ പകർത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ’’ ഇന്നസെന്റ് പറഞ്ഞു.
‘‘ഇനി അമ്മയുടെ പ്രസിഡന്റായി തുടരില്ലെന്നു താൻ പ്രഖ്യാപിച്ചു കഴിഞ്ഞ കാര്യമാണ്. ചിലർക്കു സ്ഥാനം ലഭിച്ചാൽ പിന്നെ ഒഴിയാൻ വലിയ ബുദ്ധിമുട്ടാണ്. തനിക്ക് അതില്ല. സ്ഥാനഭ്രമം ഇല്ലെങ്കിൽ നമുക്കു മനസ്സമാധാനം ഉണ്ടാകും. പ്രസിഡന്റ് ആകാൻ പറ്റിയ മിടുക്കന്മാർ ഇവിടെയുണ്ട്. അവരോട് ഈ സ്ഥാനത്തേക്കു വരാൻ പറഞ്ഞിട്ടുമുണ്ട്.’’ അദ്ദേഹം അറിയിച്ചു.
വിശദമായ വാർത്തകൾക്കും വിഡിയോയ്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക