മോഹൻലാൽ വീണതല്ല, ഹണി വീഴ്ത്തി ! വിഡിയോ

മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോയിൽ നൃത്തത്തിനിടെ മോഹൻലാൽ തെന്നി വീണത് വലിയ വാർത്തയായിരുന്നു. മഴയെത്തുടർന്ന് സ്റ്റേജിലുണ്ടായ നനവിൽ തെന്നിയാണ് മോഹൻലാലിന് അടി പതറിയതെന്നാണ് ഇതുവരെ കരുതപ്പെട്ടത്. എന്നാൽ സത്യത്തിൽ സംഭവിച്ചത് അതല്ല എന്നാണ് മറ്റൊരു വിഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.

നമിത പ്രമോദിനും ഷംന കാസിമിനും ഹണി റോസിനും ഒപ്പം നൃത്തം ചെയ്യവയൊണ് അപ്രതീക്ഷിതമായി മോഹൻലാലിന് അടി തെറ്റുന്നത്. സ്റ്റേജിന്റെ വലതു വശത്തായാണ് നമിതയും മോഹൻലാലും നിന്നിരുന്നത്. ഷംന നടുവിലും ഹണി റോസ് ഇടത്തേയറ്റത്തുമായിരുന്നു. നൃത്തം ചെയ്ത് നമിതയും മോഹൻലാലും വേദിയുടെ നടുവിലേക്ക് നീങ്ങവെ ഇടത്തു വശത്തു നിന്നും ഹണി റോസും നടുവിലേക്ക് തന്നെ എത്തി. എന്നാൽ കാലിടറിയ ഹണി സ്റ്റേജിൽ തെന്നി വീണു. മോഹൻലാൽ ഇതു കാണാതെ തിരിഞ്ഞു നിന്ന് നൃത്തം ചെയ്ത് നടുവിലേക്ക് നീങ്ങുകയും നിലത്തു വീണ ഹണിയുടെ ശരീരത്തിൽ തട്ടി താഴെ വീഴുകയുമായിരുന്നു. എന്നാൽ വീഴ്ചയിലും മനസ്സാന്നിധ്യം കൈവിടാതെ അദ്ദഹം പരിപാടി പൂർത്തിയാക്കി. 

നമിത മോഹൻലാലിനെ ചെറുതായി തള്ളുന്നതും പിന്നാലെ അദ്ദേഹം അടി തെറ്റി വീഴുന്നതുമാണ് ആദ്യം പുറത്തു വന്ന വിഡിയോയിൽ കണ്ടത്. നമിത തള്ളിയിട്ടതാണെന്നും മറ്റും പറഞ്ഞ് വിമർശനങ്ങൾ ഉയർന്നെങ്കിലും പിന്നീട് സ്റ്റേജിലെ തെന്നലാണ് കാരണമെന്ന് മനസ്സിലായി. എന്നാൽ തനിക്കു പിന്നിൽ തെന്നി വീണ ഹണിയുടെ ശരീരത്തിൽ തട്ടിയാണ് മോഹൻലാൽ വീണതെന്ന് പുതിയ വിഡിയോയിൽ കാണാം.  നേരത്തെ ഷെയ്ൻ നിഗവും സ്റ്റേജിൽ തെന്നി വീണിരുന്നു. വലിയൊരു വേദിയിൽ അറിയാതെ ഒരബദ്ധം പറ്റിയിട്ടും മനസ്സാന്നിധ്യം കൈവിടാതെ എഴുന്നേറ്റ് തിരികെ വന്ന് അദ്ദേഹം നൃത്തം പൂർത്തിയാക്കി. വീഴ്ചയ്ക്കു ശേഷമുള്ള അദ്ദേഹത്തിന്റെ ചുവടുകളാണ് ഏറ്റവും ആവേശകരമായതെന്ന് കാഴ്ചക്കാരും പറയുന്നു. 

മുമ്പ് പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ടെങ്കിലും സ്റ്റെപ്പുകളെക്കുറിച്ചോർത്തോ പരിപാടിയെക്കുറിച്ചോർത്തോ പേടിച്ചിട്ടില്ലെന്നും ‌ലാൽ സാറിനൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നുമാണ് പരിപാടിക്ക് തൊട്ടു മുമ്പ് ഷംനയും നമിതയും ഹണിയും പറഞ്ഞത്. കുറച്ചാളുകൾക്ക് മാത്രം ലഭിക്കുന്ന അസുലഭ അവസരമാണ് ലാൽ സാറിന്റെ ഒപ്പം ഒരു പരിപാടിയെന്നും ഇവർ പറഞ്ഞിരുന്നു. 

‘കവിളിണയിൽ കുങ്കുമമോ...’ എന്ന മലയാളിക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ട വന്ദനം എന്ന സിനിമയിലെ ഗാനത്തോടെയാണ് നൃത്തം ആരംഭിച്ചത്. മോഹൻലാലും നമിത പ്രമോദും ചേർന്ന് നൃത്തം പരിശീലിക്കുന്ന വിഡിയോയും ഇന്റർനെറ്റിൽ തരംഗമായിരുന്നു.