ദീപക്കിന്റെ ആ ട്യൂൺ കേട്ട് ഭാര്യ ചോദിച്ചു ‘ഇതെന്തു പാട്ടാ ദീപൂ ?’

മഴവിൽ മനോരമയിലെ സൂപ്പർ 4 വേദിയിൽ സംഗീതസംവിധായകൻ ദീപക് ദേവിന്റെയും ഭാര്യ സ്മിതയുടെയും രസകരമായ പ്രണയകഥ സംബന്ധിച്ച വെളിപ്പെടുത്തൽ. ‘പിച്ച വെച്ച നാൾ മുതൽ’ എന്ന ദീപക് ദേവ് ഇൗണമിട്ട ഗാനം പാടാൻ ഒരു മത്സരാർഥി എത്തിയതോടെയാണ് മറ്റു വിധികർത്താക്കളായ സുജാത, ശരത്, ഷാൻ റഹ്മാൻ എന്നിവർ ചേർന്ന് ദീപക്കിന്റെ പ്രണയകഥയെക്കുറിച്ച് പറഞ്ഞത്.

പാട്ടു പോലെ തന്നെ പിച്ച വെച്ച കാലം മുതലുള്ള പ്രണയമാണ് ദീപക്കിന്റേതെന്ന് ശരത് പറഞ്ഞു. പതിനേഴാം വയസ്സിലാണ് ദീപക് പിച്ച വെച്ചതെന്നും അന്നു മുതൽ കടുത്ത പ്രണയത്തിലാണെന്നും ശരത് പറഞ്ഞത് പൊട്ടിച്ചിരി പടർത്തി. കോളജ് കാലഘട്ടം മുതലുള്ള പ്രണയമാണെന്നും തന്റെ ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പമുള്ള ആളാണ് ഭാര്യയെന്നും ദീപക് പറഞ്ഞു. തൊട്ടു പിന്നാലെ അവതാരക സദസ്സിലുണ്ടായിരുന്ന ദീപക്കിന്റെ ഭാര്യ സ്മിതയ്ക്ക് മൈക്ക് കൈമാറി. 

ദീപക് പാട്ടുകൾക്ക് ട്യൂൺ ചെയ്യുമ്പോൾ കേൾപ്പിക്കാറുണ്ടോ എന്നു ചോദിച്ചപ്പോഴാണ് ‘പിച്ച വെച്ച നാൾ മുതൽ’ കമ്പോസ് ചെയ്തപ്പോഴുള്ള രസകരമായ സംഭവം സ്മിത പറയുന്നത്. ‘ഇൗ പാട്ട് വരികൾ ഒക്കെ ആകും മുമ്പ് തന്നെ ദീപു എന്നെ മൂളി കേൾപ്പിച്ചു. ഞാൻ ചോദിച്ചു ‘ഇതെന്തു പാട്ടാ ദീപു ?’ എന്ന്. ആദ്യം കേട്ടപ്പോഴുള്ള പ്രതികരണം അതായിരുന്നു. പിന്നീട് ശങ്കർജി ആ പാട്ടു പാടി. അതു കേട്ടപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു. പാട്ട് പുറത്തിറങ്ങിയതോടെ ഹിറ്റായി. അതു കഴിഞ്ഞതോടെ ദീപു പറഞ്ഞു ഇനി എല്ലാ പാട്ടും നിന്നെ ആദ്യം കേൾപ്പിക്കാം. നിനക്ക് ഇഷ്ടമല്ലെന്നു പറഞ്ഞാൽ സംഭവം ഹിറ്റാകുമല്ലോ എന്ന്’. സ്മിതയുടെ ഇൗ പറച്ചിൽ സദസ്സിൽ വലിയ ആരവമുയർത്തി. ട്യൂണിന്റെ കുഴപ്പമല്ല തന്റെ പാട്ടിന്റെയാണെന്നു ഭാര്യ പറഞ്ഞെന്ന് ദീപക് പറഞ്ഞപ്പോൾ അത്ര വൃത്തികേടായാണ് അതു പാടി കേൾപ്പിച്ചതെന്ന് സ്മിത മറുപടിയും പറഞ്ഞു. പിന്നാലെ സ്മിതയും ദീപക്കും ചേർന്ന് പറയാതെ അറിയാതെ എന്ന ഗാനവും പാടി.