അതിജീവനകാലത്തെ ഓണം; അവര്‍ക്കായി ഹനാന്‍റെ ഓണപ്പാട്ട്; വിഡിയോ

hanan

ഉത്രാടപ്പാച്ചിലോ പൂവിളിയോ ഇല്ലാത്ത ഒരു ഒാണത്തിലേക്കാണ് ഇൗ ദിനം കേരളം കണ്ണുതുറന്നത്. എന്നിരുന്നാലും ഇത് അതിജീവത്തിന്റെ ഒാണമായി മലയാളി മനസിൽ കൊണ്ടാടുന്നു. ഉത്രാടപാച്ചിലും ജീവിതത്തിന്റെ പരക്കം പാച്ചിലിനുമിടയിൽ നമ്മുടെ ദുരിതാശ്വാസക്യംപുകളിൽ പോലും ഒാണവെയിൽ ഉദിച്ചുകഴിഞ്ഞു. 

അതിജീവനത്തിന്റെ ഇൗ ഒാണത്തിന് മലയാളിക്കായി ഒരു പാട്ടൊരുക്കിയിരിക്കുകയാണ് സോഷ്യൽ ലോകം നെഞ്ചേറ്റിയ ഹനാൻ. ഹനാൻ തന്നെ രചനയും സംഗീതവും നൽകിയ പാട്ട് മനോരമ ന്യൂസിലൂടെയാണ് പുറത്തിറങ്ങുന്നത്. ‘തിരുവോണപ്പാട്ടും തകിലടി മലയാളി പെണ്ണും തകധിമി വരവുണ്ടോ മലനാടിൻ ഒാണം കാണാൻ..’ എന്നു തുടങ്ങുന്ന ഗാനം ഹനാൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി തന്റെ അക്കൗണ്ടിലേക്ക് മലയാളികൾ മുൻപ് സമ്മാനിച്ച ഒന്നരലക്ഷം രൂപയും ഹനാൻ മാറ്റിവച്ചിരുന്നു. ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് ഹനാൻ മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു.

ഒാണത്തിന് സോഷ്യൽ മീഡിയ താരങ്ങളാക്കിയവരെ അണിനിരത്തി മനോരമ ന്യൂസ് ഒരുക്കുന്ന ‘വൈറൽ താരങ്ങൾ’ എന്ന പരിപാടിയിലാണ് ഹനാൻ പുതിയ ഒാണപ്പാട്ട് പാടിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മലയാളി ലൈക്കും ഷെയറും കൊണ്ട് താരങ്ങളാക്കിയ ഗായകരാണ് പങ്കെടുക്കുന്നത്.

യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന പേരിൽ സംസ്ഥാന അവാർഡ് നിഷേധിക്കപ്പെട്ട  കൊല്ലം അഭിജിത്ത്, വിശ്വരൂപം എന്ന ചിത്രത്തിലെ ‘ഉന്നെ കാണാമെ’ എന്ന ഗാനം വീണ്ടും പാടി  പ്രിയങ്കരനായ രാകേഷ് ഉണ്ണി, സോഷ്യൽ മീഡിയയുടെ ആദ്യ താരങ്ങളിലൊരാളായ ചന്ദ്രലേഖ എന്നിവരാണ് ഹനാനൊപ്പം ഇൗ പരിപാടിയിൽ എത്തുന്നത്. നാളെ തിരുവോണ നാളിൽ രാത്രി 7.30ന് ‘വൈറൽ താരങ്ങൾ’ മനോരമ ന്യൂസിൽ സംപ്രേക്ഷണം ചെയ്യും.