'കൈകോർത്ത് കണ്ണൂർ' റിപ്പോർട്ട് കൈമാറി

ഗായിക സയനോര ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള 'കൈകോർത്ത് കണ്ണൂർ' എന്ന കൂട്ടായ്മ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കലക്ടർക്കു സമർപ്പിച്ചു. കണ്ണൂർ ജില്ലാ കലക്ടർ മുഹമ്മദലിക്കാണു വിവരങ്ങള്‍ കൈമാറിയത്. ആഗസ്റ്റ് 18 മുതൽ 21 വരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ടാണു സമർപ്പിച്ചത്.

സയനോര ഫിലിപ്പ്, സനൂഷ സന്തോഷ്. സുധീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു 'കൈകോർത്ത് കണ്ണൂർ' എന്ന കൂട്ടായ്മയുടെ പ്രവർത്തനം. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനാണു ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.  കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിലായിരുന്നു 'കൈകോർത്തു കണ്ണൂർ' പ്രവർത്തിച്ചിരുന്നത്. അവശ്യസാധനങ്ങൾ ശേഖരിച്ച് കണ്ണൂർ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ഇവർ എത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണു കലക്ടർക്കു കൈമാറിയത്.

ഇന്ന് വൈകുന്നേരമാണു പ്രവർത്തന റിപ്പോർട്ട് കൈമാറിയത്. കൂട്ടായ്മയിലെ അംഗങ്ങളായ വർഷ ഗോപിനാഥ്, ടോണി ടോം, നിവേദ് നാഥ് എന്നിവരും സയനോരയ്ക്കൊപ്പം കളക്ട്രേറ്റിൽ എത്തിയിരുന്നു.