സംഗീത ആസ്വാദകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് ബാലഭാസ്കർ ലോകത്തോടു വിടപറഞ്ഞത്. തനിക്കും ചുറ്റിലും വലിയൊരു സ്നേഹ വലയം തീർത്താണ് ബാലഭാസ്കർ പോയത്. എത്ര പറഞ്ഞാലും പങ്കുവച്ചാലും ബാലുവിന്റെ പ്രിയപ്പെട്ടവർക്കു നികത്താനാകുന്നില്ല ആ ശൂന്യത. പാതി വഴിയിൽ അസ്തമിച്ചു പോയെങ്കിലും ആസ്വാദക ഹൃദയത്തിൽ ഓരോ നിമിഷവും ആ സൂര്യൻ ജ്വലിക്കുകയാണ്. ഒപ്പം ബാലഭാസ്കറിന്റെ ചില നിലപാടുകളും. സിനിമാ മേഖലയോടു അകലം പാലിച്ചതിന്റെ കാരണവും ഒരിക്കൽ ബാലഭാസ്കർ വ്യക്തമാക്കി. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ബാലഭാസ്കറിന്റെ പ്രതികരണം.
സിനിമാ സംഗീത മേഖലയിലേക്കു എന്തുകൊണ്ടു വരുന്നില്ല എന്ന ചോദ്യത്തിനു ബാലഭാസ്കറിന്റെ മറുപടി ഇങ്ങനെ: ' സിനിമയിലെ സംഗീത സംവിധാനം ഇഷ്ടമല്ലാത്തതു കൊണ്ടല്ല. കംപോസ് ചെയ്തിട്ടുമുണ്ട്. സിനിമയിൽ കംപോസ് ചെയ്യാൻ താത്പര്യവും ഉണ്ട്. പക്ഷേ, പല സമയത്തും ഒരുപാട് കോംപ്രമൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഒരു ബുദ്ധിമുട്ടേയുള്ളൂ.'
പതിനേഴാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന ചിത്രത്തിൽ സംഗീത സംവിധാനം ചെയ്താണു ബാലഭാസ്കർ സിനിമാ മേഖലയിലേക്കു എത്തുന്നത്. എന്നാൽ പിന്നീടു സിനിമയേക്കാൾ കൂടുതൽ സ്റ്റേജുകളെ സ്നേഹിക്കുകയായിരുന്നു ബാലഭാസ്കർ. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഒക്ടോബർ രണ്ടിനു പുലർച്ചെ ഹൃദയാഘാത്തെ തുടർന്ന് അന്തരിച്ചു.