മാഞ്ഞുപോകില്ല... ആ വയലിൻ സംഗീതം. ഓർമകളിലേക്കങ്ങനെ പെയ്തിറങ്ങിക്കൊണ്ടേ ഇരിക്കുകയാണ്. മന്ദസ്മിതം തൂകി നിൽകുന്ന ആ രൂപം മനസ്സിൽ മങ്ങുകയല്ല, മറിച്ച് ഓരോ ദിവസം കഴിയുംതോറും കൂടുതൽ തെളിഞ്ഞു വരികയാണ്. അത്രമേല്‍ ആഴത്തിലാണു ബാലഭാസ്കർ എന്ന കലാകാരൻ ഹൃദയങ്ങളെ സ്പർശിച്ചത്. മലയാളി മനസ്സിൽ മരണമില്ലാത്ത ബാലുവിനു ആദരവായി സംഗീത വിരുന്നൊരുക്കുകയാണ് എം. ജയചന്ദ്രൻ. ബാലഭാസ്കർ ചിട്ടപ്പെടുത്തിയ സൂര്യാ തീം മ്യൂസിക് സംഗീത സ്വരങ്ങളിലൂടെ ആലപിക്കുകയാണു എം. ജയചന്ദ്രൻ.
വിഡിയോയെ കുറിച്ച് എം. ജയചന്ദ്രന്റെ വാക്കുകൾ ഇങ്ങനെ: 'ബാലുവിനെ ഓർത്ത് ഞാൻ ഇപ്പോഴും ഇവിടെയുണ്ട് ബാലൂ, എന്നാണ് ഈ മ്യൂസിക് വിഡിയോയിലൂടെ ഞാൻ പറയാൻ ഉദ്ദേശിച്ചത്. ബാലുവിനെ ഓർത്ത് ഞാൻ പാടുന്നു. എവിടെ എങ്കിലും ഇരുന്ന് ഇത് ബാലു കേൾക്കുമെന്നാണ് ഞാൻ കരുതുന്നത്. സ്റ്റുഡിയോയിൽ ഇരുന്നപ്പോഴേക്കും പെട്ടന്ന് എനിക്ക് ബാലുവിനെ ഓർമവന്നു. ബാലുവിനോട് എനിക്കു സംസാരിക്കണം എന്നു തോന്നി. എനിക്ക് സംസാരിക്കാൻ സംഗീതം മാത്രമേയുള്ളൂ. വെറും വാക്കുകൾ എഴുതിയതുകൊണ്ടു കാര്യമില്ല. ബാലൂ ഐ മിസ് യൂ എന്നു പറഞ്ഞിട്ടു കാര്യമില്ല. ആത്മാവിൽ നിന്നും ആത്മാവിലേക്കുള്ള ഒരു സംവാദം ആയിരിക്കണം. അതുകൊണ്ടു തന്നെ ബാലുവിന്റെ കോമ്പോസിഷൻ ഞാൻ ഇങ്ങനെ പറയുകയായിരുന്നു.'
ബാലഭാസ്കറുമായുള്ള പരിചയത്തിന്റെ ഓർമകളും എം. ജയചന്ദ്രൻ പങ്കു വച്ചു. ' ചെറുപ്പം മുതൽ തന്നെ എനിക്ക് ബാലുവിനെ അറിയാം. 1995ൽ തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയിൽ വച്ച് ചില കോമ്പോസിഷനുകൾ കേട്ടപ്പോഴാണ് ബാലഭാസ്കർ എന്ന കലാകാരനെ പറ്റി ഞാൻ അറിയുന്നത്. അതിനു ശേഷം നിനക്കായ്, ആദ്യമായ് എന്നീ ആൽബങ്ങളിലെ പാട്ടുകളെല്ലാം തന്നെ എനിക്കു വലിയ ഇഷ്ടമായിരുന്നു. ആ കാലം തൊട്ടേ അറിയാം. ബാലുവിന്റെ ചില പെർഫോർമൻസ് കണ്ട് ഞാൻ എണീറ്റു നിന്നു കയ്യടിച്ചിട്ടുണ്ട്. എല്ലാ കാലത്തും ബാലുവുമായി വളരെ നല്ല ഒരു ബന്ധം ഉണ്ടായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഒരു മ്യൂച്ചൽ റെസ്പക്ട് ഉണ്ടായിരുന്നു. ഒരു മ്യുസിഷ്യൻ വേറൊരു മ്യൂസിഷ്യനു നൽകുന്ന ആദരവാണ് ഇത്.'
'നമ്മുടെ നാട്ടിൽ ജനിച്ച മഹാന്മാരായ സംഗീതജ്ഞരിൽ ഒരാളാണു ബാലു. മരണമില്ലാത്ത ബാലുവിനായി ഈ സംഗീത ആദരം' എന്ന കുറിപ്പോടെയാണു എം. ജയചന്ദ്രൻ വിഡിയോ പങ്കുവച്ചത്. ബാലഭാസ്കറിന്റെ വയലിൻ വായനയും ഉൾപ്പെടുത്തിയാണു വിഡിയോ. രഞ്ജിത്ത് ഉണ്ണി, ജിതിൻ രാജ്, നിഖിൽ മാത്യൂ, ഉണ്ണി ഇളയരാജ എന്നിവരും ജയചന്ദ്രനൊപ്പം ആലാപനത്തിൽ പങ്കു ചേരുന്നുണ്ട്. മിഥുന്‍ അശോകാണു ഗാനത്തിനായി കീ ബോർഡ് വായിക്കുന്നത്. ഉണ്ണി ഇളയരാജയാണു സംഗീതം.
മികച്ച പ്രതികരണമാണു വിഡിയോയ്ക്ക് ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ നിരവധിപേർ വിഡിയോ കണ്ടു. ബാലഭാസ്കറിന്റെ വിടവാങ്ങലിലെ ദുഃഖം പങ്കുവെക്കുകയാണു വിഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ആരാധകർ.