തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി പ്രദർശനം തുടരുകയാണ് മോഹൻലാലിന്റെ ഒടിയൻ. എന്നാൽ ചിത്രത്തെ പറ്റി പല അഭിപ്രായങ്ങളുണ്ടെങ്കിലും ഗാനങ്ങളെല്ലാം തന്നെ ഗംഭീരമാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ശ്രദ്ധനേടിയിരുന്നു.
'മുത്തപ്പന്റെ ഉണ്ണി ഉണരുണര്' എന്ന ഗാനത്തിന്റെ വിഡിയോയാണ് ഒടിയനിലേതായി അവസാനം എത്തിയത്. ഒടിയൻ മാണിക്യന്റെ ബാല്യവും കൗമാരവും യൗവനവും ചിത്രീകരിച്ചിരിക്കുന്ന ഗാനമാണു "മുത്തപ്പന്റെ ഉണ്ണീ ഉണരുണര്'. ഇത്ര മനോഹരമായ ഗാനത്തിനു ഡിസ്‌ലൈക്ക് അടിക്കുന്നതു ശരിയല്ലെന്നും, ഒടിയനിലെ ഗാനങ്ങളെല്ലാം സൂപ്പറാണെന്നുമാണു പലരുടെയും കമന്റുകൾ. ഒടിയന്റെ പാട്ടുകളെ പറ്റി ഒരക്ഷരം മിണ്ടരുത്. കുറെ കാലത്തിനു ശേഷമാണു മലയാളത്തിൽ ഇത്രയും മനോഹരമായ ഗാനങ്ങൾ എത്തുന്നതെന്നു പറയുന്നവരും ഉണ്ട്.
വർഷങ്ങൾക്കു ശേഷമാണ് ഇത്രയും മനോഹരമായ ഗാനം പാടുന്നതെന്നായിരുന്നു 'മുത്തപ്പന്റെ ഉണ്ണീ ഉണരുണര്' എന്ന ഗാനത്തെ പറ്റി എം.ജി. ശ്രീകുമാറിന്റെ പ്രതികരണം. ലക്ഷ്മി ശ്രീകുമാർ ആണു ഗാനരചന. എം.ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. ഗാനം മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു
ഒടിയനിലേതായി മുൻപു പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. റിലീസ് ചെയ്ത മൂന്നുഗാനങ്ങൾ യൂട്യൂബ് ട്രന്റിങ്ങിൽ ഇടംപിടിച്ചു. ഇതിൽ കൊണ്ടോരാം കൊണ്ടോരാം, മാനം തുടുക്കണ് എന്നീ ഗാനങ്ങൾ ട്രന്റിങ്ങിൽ ഒന്നാമതെത്തി. 'മുത്തപ്പന്റെ ഉണരുണര്' എന്ന ഗാനം സിനിമ കാണുമ്പോൾ മറ്റൊരു ഫീൽ നൽകുന്നുണ്ടെന്നും അഭിപ്രായം ഉണ്ട്. സിനിമയെ തകർക്കാനുള്ള നീക്കം നടക്കുന്നുണ്ടോ എന്ന സംശയവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്.