പ്രകാശനല്ല, പി ആർ ആകാശ്; അതെ, ആകാശത്തോളം ഉയർന്ന്‌ ഓമൽതാമരക്കണ്ണല്ലേ

തീയറ്ററിൽ ചിരിയുടെ മേളം തീർക്കുകയാണ് 'ഞാൻ പ്രകാശൻ'. ഫഹദിന്റെ പ്രകാശൻ എന്ന കഥാപാത്രവും അയാളുടെ രീതികളും എത്തിയത് പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്. സത്യത്തിൽ നമുക്കിടയിൽ തന്നെയുള്ള ആളാണ് ഈ പ്രകാശനെന്നും സിനിമ കാണുമ്പോൾ ഓരോരുത്തരും ചിന്തിച്ചു കാണും. സിനിമയ്ക്കൊപ്പം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രത്തിലെ 'ഓമൽതാമര കണ്ണല്ലേ' എന്ന ഗാനവും. ഒരുമില്യണിൽ കൂടുതൽ കാഴ്ചക്കാരുമായി ഇന്റർനെറ്റിൽ തരംഗമാകുകയാണു ഗാനം. 

മഴവിൽ മനോരമ സൂപ്പർ 4 ഫെയിം യദു എസ്. മാരാരും ഷാൻ റഹ്മാനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ തന്നെയാണു സംഗീതം പകർന്നിരിക്കുന്നത്. മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറാണു ചിത്രം. ഏതാനും ദിവസങ്ങൾക്കു മുൻപാണു ഗാനത്തിന്റെ വിഡിയോ യൂട്യൂബിൽ എത്തിയത്. 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ഫഹദ് ശരിക്കും കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നാണു പലരുടെയും പ്രതികരണം. കുറെനാളുകൾക്കു ശേഷം മനസ്സു തുറന്നു ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട് ശ്രീനിവാസന്റെ തിരക്കഥ എന്നും അഭിപ്രായമുണ്ട്. യദുവിന്റെ ആലാപനത്തെയും ഷാനിന്റെ സംഗീതത്തെയും പ്രശംസിക്കുന്നവരുമുണ്ട്. 

വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് 'ഞാൻ പ്രകാശൻ'. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.