അറിഞ്ഞതു മധുരമെങ്കിൽ അറിയാത്തത് അതിമധുരം; ആ പ്രതിഭയുടെ പേര് ബിജു സോപാനം

മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ആളാണ് ബിജു സോപാനം. എന്നാൽ സ്ക്രീനിനു പുറത്ത് ബിജു ആരാണെന്ന് അറിയുന്നവർ ചിലപ്പോൾ വിരലിലെണ്ണാവുന്നതായിരിക്കും. കലയെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ് ബിജു. നാടൻപാട്ടും നാടകവുമായി കലയുടെ വിശാല ലോകത്തിന്റെ ഭാഗമാണ് ബിജു സോപാനം. ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അതിഥിയായി എത്തിയപ്പോൾ റിമിക്കൊപ്പം നാടൻപാട്ടു പാടി പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് പ്രിയതാരം

'ഊരുവഴിടെ വക്കത്തു നിക്കണ' എന്നു തുടങ്ങുന്ന നാടൻ പാട്ടാണ് ബിജു പാടിയത്. റിമിയും ഗാനം ഏറ്റുപാടി. പിന്നീട് 'കൈതോല പായവിരിച്ച്' എന്ന ഗാനം റിമിയും പാടി. കുഞ്ചാക്കോ ബോബൻ നായകനായ ലാൽജോസ് ചിത്രം 'തട്ടുംപുറത്ത് അച്യുതനി'ലെ വിശേഷങ്ങളുമായാണ് ബിജു സോപാനം ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അതിഥിയായി എത്തിയത്. സംസ്കൃത നാടകവും ബിജു അവതരിപ്പിച്ചു. ബിജുവിനൊപ്പം ചിത്രത്തിലെ അഭിനേതാക്കളായ ശ്രാവണ, വിശ്വ, മാളവിക എന്നിവരും അതിഥികളായി എത്തിയിരുന്നു. 

ടെലിവിഷൻ സീരിയലിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരങ്ങളുടെ പട്ടികയിൽ ബിജു ഇടം പിടിക്കുന്നത് എങ്കിലും നാടകമാണു പ്രധാന കർമമണ്ഡലം. അതും സംസ്കൃത നാടകങ്ങൾ. കാവാലം നാരായണ പണിക്കരാണ് ഗുരു. അദ്ദേഹത്തിന്റെ സംസ്കൃത നാടകങ്ങളിൽ ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി വേദികളിൽ നാടകം അവതരിപ്പിച്ചു. ഭാസന്റെ സംസ്കൃത നാടകത്തിൽ ഭീമൻ ഘടോൽകചനെ കാണുന്ന രംഗം ബിജു ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ അവതരിപ്പിച്ചു. ആദ്യമായി സംസ്കൃത നാടകം കണ്ടതിന്റെ കൗതുകം ഗായിക റിമി ടോമി പങ്കുവച്ചു. നാടൻപാട്ടും നാടകവുമായി പ്രേക്ഷകരെ കയ്യിലെടുത്താണ് ബിജു സോപാനം ഒന്നും ഒന്നും മൂന്നിന്റെ വേദി വിട്ടത്