പ്രസ്‌ലിയുടെ പ്രശസ്ത ഗാനത്തിനു കവർ ഒരുക്കി രേണുക

എൽവിസ് പ്രസ്‌ലിയുടെ പ്രശസ്ത ഗാനം Can't help falling in love നു കവർസോങ് ഒരുക്കി ഗായിക രേണുക അരുൺ. പ്രസ്‌ലിയുടെ ജൻമദിനത്തോടനുബന്ധിച്ച് 'ഗോൾഡൻ ലെയർ മ്യൂസിക് ഫൗണ്ടോഷനാ'ണ് വിഡിയോ റിലീസ് ചെയ്തത്. ഭാഷ, വർണം എന്നിവയ്ക്ക് അതീതമായി മ്യൂസിക് ഫോർ ആൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭത്തിന്റെ ആദ്യ ഗാനമാണ് 'Can't help falling in love'. 

‌ലോകമാകെയുള്ള സംഗീത ആരാധകർ നെഞ്ചേറ്റിയ ഗാനമാണ് ഇത്. കർണാടക സംഗീതത്തിലാണു പ്രാവിണ്യമെങ്കിലും പാശ്ചാത്യ സംഗീതത്തിലും രേണുക തന്റെ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ. സുമേഷ് പരമേശ്വർ ആണ് ഗിറ്റാർ. മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ സോളോയിലെ ഗാനത്തിലൂടെ മലയാളിക്കു സുപരിചിതയാണ് രേണുക. 

1961ലാണ് Can't help falling in love' എന്ന റെക്കോഡ് ചെയ്തത്. തുടർന്നു നിരവധി പ്രശസ്ത സംഗീതജ്ഞർ ഗാനം പുനരാവിഷ്കരിച്ചു. എക്കാലത്തെയും മികച്ച എന്റർടെയ്നർ എന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് പ്രെസ്‌ലി. പോപ്പുലർ സംഗീത ചരിത്രം പ്രെസ്‌ലിക്കു മുൻപും ശേഷവും എന്നാണു വിലയിരുത്തപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ സാംസ്കാരിക ശക്തി എന്നു ടൈംമാസിക വിശേഷിപ്പിച്ചതും പ്രെസ്‌ലിയെയായിരുന്നു.