കഴിഞ്ഞ വർഷം നമ്മൾ സ്നേഹിച്ച പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണു '96' ലെ 'കാതലേ'. തെന്നിന്ത്യയാകെ ഏറ്റുപാടിയ പ്രണയഗാനം. ഈ ഗാനവുമായി 96 ലെ ജാനുവും റാമും എത്തിയത് പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവരുടെ ഹൃദയത്തിലേക്കാണ്. തൈക്കുടം ബാന്റിലെ ഗോവിന്ദ് വസന്തയാണു കാതലേയുടെ മനോഹര സംഗീതത്തിനു പിന്നിലെന്ന് അറിഞ്ഞതോടെ മലയാളിയുടെ സന്തോഷം ഇരട്ടിയായി. ഇപ്പോൾ കാതലേ എന്ന ഗാനം വീണ്ടും വേദിയിൽ ആലപിക്കുകയാണ് ഗോവിന്ദ് വസന്ത.
ഒരു സ്വകാര്യ അവാർഡ് വേദിയിലായിരുന്നു ഗോവിന്ദിന്റെ ആലാപനം. തൃഷ സദസ്സിലേക്കു വരുമ്പോൾ വേദിയിൽ 'കാതലേ' ഗോവിന്ദ് പാടി. ഗോവിന്ദിന്റെ ആലാപന മാധുരി സദസ്സിലിരുന്ന തൃഷ അടക്കമുള്ളവരുടെ കണ്ണുകളെ ഈറനണിയിച്ചു. യൂട്യൂബിൽ തരംഗമാകുകയാണ് ഈ വിഡിയോ.
ഒരു മില്യണിൽ കൂടുതൽ ആളുകളാണ് ഇതുവരെ വിഡിയോ കണ്ടത്. ഗോവിന്ദ് ഹൃദയത്തിൽ തൊട്ടാണു പാടുന്നതെന്നാണു പലരുടെയും അഭിപ്രായം. 'മലയാളിയുടെ അഭിമാനമാണ് ഗോവിന്ദ്' എന്നും പറയുന്നു ചിലർ. ആരാധകരുടെ ആവശ്യപ്രകാരമായിരുന്നു വയലിനുമായി വേദിയിൽ എത്തി ഗോവിന്ദിന്റെ ആലാപനം. തുടർന്ന് മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ഗോവിന്ദ് ഏറ്റുവാങ്ങി.
ചിത്രം എത്തുന്നതിനു മുൻപു തന്നെ 'കാതലേ കാതലേ' എന്ന ഗാനത്തിനു വൻ സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. കല്യാണി മേനോൻ, ചിന്‍മയി, ഗോവിന്ദ് വസന്ത എന്നിവർ ഒരുമിച്ചാണു ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്. ഗോവിന്ദ് തന്നെയാണു സംഗീതം.