പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ലെ ആദ്യഗാനത്തിനു വൻവരവേൽപ്. 'ആരാരോ ആർദ്രമായ്' എന്ന ഗാനം യുട്യൂബിൽ റിലീസ് ചെയ്തു മണിക്കൂറുകൾക്കകം കണ്ടതു മൂന്നരലക്ഷത്തിലധികം ആളുകളാണ്. കാവ്യ അജിത്തും നിരഞ്ജൻ സുരേഷും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദറിന്റെ സംഗീതം.
സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. വ്യത്യസ്തമായ ആലാപനശൈലിയാണ് ഗാനത്തിന്റെ പ്രത്യേകത. മികച്ച ദൃശ്യങ്ങൾ ഗാനരംഗങ്ങൾക്കു മിഴിവേകുന്നുണ്ട്. 'പുലിക്കു പിറന്നത് പൂച്ചക്കുട്ടിയാകില്ല, പുലിക്കുട്ടി തന്നെയാണ്, പ്രണവിനു പിന്നിലെ ആ പേരിനോടാണ് മുഹബത്ത്' എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. ഗോപി സുന്ദറിന്റെ സംഗീതത്തെ പ്രശംസിക്കുന്നവരുമുണ്ട്. പ്രണയവും സൗഹൃദവും നിറയുന്നതാണു ഗാനം. മോഹൻലാൽ ഫെയ്സ്ബുക്ക് പേജിലൂടെയാണു ഗാനം റീലീസ് ചെയ്തത്.
ചിത്രത്തിന്റെ ടീസറിനും നേരത്തെ വൻസ്വീകാര്യതയാണു ലഭിച്ചിരുന്നത്. ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ് എന്ന പ്രണവിന്റെ ഡയലോഗ് ഏറെ കയ്യടി നേടിയിരുന്നു. അച്ഛന്റെ ഡയലോഗ് മകൻ പറഞ്ഞത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. അരുൺ ഗോപിയാണു ചിത്രത്തിന്റെ സംവിധാനം. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻമുതൽമുടക്കിലാണ് എത്തുന്നത്. ഒരു സർഫറിന്റെ വേഷത്തിലാണ് പ്രണവ് ചിത്രത്തിൽ എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂർണതയിൽ എത്തിക്കുന്നതിനായി ഇൻഡോനേഷ്യയിൽ പോയി പ്രണവ് സർഫിങ് പഠിക്കുകയും ചെയ്തു. പുതുമുഖം റേച്ചലാണു ചിത്രത്തിൽ പ്രണവിന്റെ നായിക.
മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ധര്‍മജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആക്ഷനൊപ്പം തന്നെ റൊമാന്‍സിനും പ്രാധാന്യം നൽകുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവിന്റെ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജനുവരി അവസാനവാരത്തിൽ ചിത്രം തീയറ്ററിലെത്തും.