മറക്കാനാകുമോ ഗോഡ്ഫാദറിലെ പശ്ചാത്തല സംഗീതം?

ഫാസിൽ സംവിധാനം ചെയ്ത ‘മണിവത്തൂരിലെ ആയിരം ശിവരാത്രി’കളുടെ സംഗീതം എം.ബി.ശ്രീനിവാസനായിരുന്നു. ഓർക്കസ്ട്ര കണ്ടക്ട് ചെയ്യാനാണു എസ്. ബാലകൃഷ്ണൻ വരുന്നത്. ചിത്രത്തിലെ ഒരു പാട്ടു മാറ്റി ചെയ്യണമെന്നു ഫാസിൽ ആഗ്രഹിച്ചിരുന്നു. എന്നാൽ ശ്രീനിവാസൻ മറ്റൊരു റെക്കോർഡിങ്ങിനായി മുംബൈയിൽ ആയിരുന്നതിനാൽ ബാലകൃഷ്ണന്റെ സഹായം തേടി. ഞാനും സിദ്ദീഖും അന്ന് ഫാസിലിന്റെ സംവിധാന സഹായികളായിരുന്നു.

‘റാംജിറാവ് സ്പീക്കിങ്’ ചെയ്യുമ്പോൾ ഫാസിൽ വഴിയാണു ബാലകൃഷ്ണൻ അതിന്റെ ഭാഗമായത്. ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ സിനിമകളുടെയും സംഗീത സംവിധാനം അദ്ദേഹം തന്നെയായിരുന്നു. 4 സിനിമകളും അവയിലെ പാട്ടുകളും പശ്ചാത്തല സംഗീതവും ഹിറ്റുകളായി. പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിനെക്കാൾ ഇരട്ടി ജോലിയാണു പശ്ചാത്തല സംഗീതം ഒരുക്കാനും കഥാപാത്രങ്ങളുടെ തീം മ്യൂസിക്കിനുമായി അദ്ദേഹം ചെലവിട്ടത്.

രാത്രി വൈകിയും നമുക്ക് ഇതൊന്നു മാറ്റിപ്പിടിച്ചാലോ  എന്നു ചോദിച്ചു പാട്ടുകൾ മെച്ചപ്പെടുത്താനായി ഉറക്കമളച്ച് അധ്വാനിക്കാനുളള മനസ്സുണ്ടായിരുന്നു. ജ്യേഷ്ഠ സഹോദരനോടുളള പിണക്കം മാത്രമായിരുന്നു ഞങ്ങളുടെ ഇടയിൽ പിന്നീടുണ്ടായത്. ഉൾവലിഞ്ഞു നിൽക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. അന്ന് ഒരു പടം ഹിറ്റായാൽ കൈനിറയെ അവസരങ്ങൾ ലഭിക്കുമായിരുന്നു. സംഗീത സംവിധായകരുടെ എണ്ണവും കുറവായിരുന്നു. എന്നാൽ അവസരങ്ങൾക്കായി ഇടിച്ചു കയറാൻ ബാലകൃഷ്ണൻ ശ്രമിച്ചിരുന്നില്ല.