കോടികൾ മുടക്കിയാലെന്താ, മധുരതരമാകുമല്ലോ പ്രണവ്-കല്യാണി പ്രണയഗാനം

ഒരിവേളക്കു ശേഷം പ്രിയദര്‍ശൻ-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങുന്ന മരക്കാർ ഒരു അറബിക്കടലിൻറെ സിംഹം ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും മക്കളായ കല്യാണിയും പ്രണവും ചിത്രത്തിൽ ഒരുമിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവർ അഭിനയിക്കുന്ന ഗാനരംഗം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഗാനരംഗം ആണെന്നാണു റിപ്പോർട്ടുകൾ.

ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. സെറ്റിനു വേണ്ടി മാത്രം 2.5 കോടി ചെലവായെന്നും റിപ്പോർട്ടുകളുണ്ട്. പ്രശസ്ത കലാസംവിധായകന്‍ സാബു സിറിലാണ് ചിത്രത്തിന് വേണ്ടി സെറ്റൊരുക്കിയിരിക്കുന്നത്. കോടികൾ മുടക്കിയാലെന്താ, കല്യാണിയും പ്രണവും എത്തുമ്പോൾ ആ ഗാനം മധുരതരമായിരിക്കുമെന്നും ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുകയാണെന്നുമാണ് ആരാധകരുടെ പ്രതികരണം. 

ഒപ്പത്തിനായി പശ്ചാത്തല സംഗീതം ഒരുക്കിയ റോണി റാഫേലാണ് കുഞ്ഞാലി മരയ്ക്കാറിനായി സംഗിതം ഒരുക്കുന്നത്. ഹരിനാരായാണന്റെതാണു വരികൾ, ശ്രേയ ഘോഷാൽ വിനീത് ശ്രീനിവാസൻ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മരയ്ക്കാരായി മോഹൻലാൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്നതു പ്രണവാണ്. സിനിമ തുടങ്ങുന്നതുതന്നെ പ്രണവിലൂടെയാണെന്നാണു സൂചന. കല്യാണിയുടെ ആദ്യ മലയാള സിനിമയാണിത്. തെലുങ്കിലെ മുൻനിര നായികമാരിൽ ഒരാളാണു കല്യാണി. കല്യാണിയെ കൂടാതെ സഹോദരൻ സിദ്ധാർത്ഥും ‘മരക്കാറി’ൽ അസോസിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. സാൻഫ്രാൻസിക്കോയിൽ നിന്നും വിഷ്വൽ ഇഫക്റ്റ് കോഴ്സ് പൂർത്തിയാക്കി അച്ഛന്റെ ചിത്രത്തിനൊപ്പം ചേർന്നിരിക്കുകയാണ് സിദ്ധാർഥ്. നിർമാതാവ് സുരേഷ്കുമാറിന്റെയും നടി മേനകയുടെയും മകൾ കീർത്തി സുരേഷും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. ഡിസംബർ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ആരംഭിച്ചത്. അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.