എസ്.ജാനകിയും ബാലകൃഷ്ണനും തമ്മിൽ

നീലാംങ്കരൈ നല്ല പരിചയമുള്ള സ്ഥലമായി മാറി കഴിഞ്ഞു. പലവട്ടം ജാനകിയമ്മയുടെ വീട്ടിലേയ്ക്കു വന്നുള്ള പരിചയമാണ് നീലാംങ്കരയുമായുള്ളത്. ചെന്നൈയുടെ തിക്കും തിരക്കും ഒഴിഞ്ഞ ചെറിയ പട്ടണം. സംഗീത സംവിധായകൻ എസ്.ബാലകൃഷ്ണനെ കാണുവാൻ ചെന്നൈയിലെത്തി. ട്രെയിൻ ഇറങ്ങിയ ഉടനെ അദ്ദേഹത്തെ വിളിച്ചിരുന്നു. വഴി പറഞ്ഞു വന്നപ്പോൾ നീലാംങ്കരൈ. ഞാൻ ഒരു നീലാംങ്കരൈക്കാരനെ പോലെ. യുവത്വമുള്ള ഒരു പിടി ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച അനുഗ്രഹീത സംഗീത സംവിധായകൻ ശ്രീ എസ്.ബാലകൃഷ്ണൻ സാറിന്റെ വീട്ടിലേയ്ക്ക്.

ഏകാന്ത ചന്ദ്രികേ, നീർപളുങ്കുകൾ ചിതറി..പോലെ ഒരുപാടു ഗാനങ്ങൾ മനസ്സിൽ മിന്നിമറയുന്നുണ്ട്. വീട് ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ അദ്ദേഹം പലവട്ടം വിളിച്ചു ചോദിച്ചു..ഞാൻ ശരിയായ ദിശയിൽ തന്നെയല്ലെ വരുന്നതെന്ന് അറിയുവാൻ. ദുരെ നിന്നും കൈകൾ വീശി ബാലകൃഷ്ണൻ സർ വീട് ഇതു തന്നെയെന്ന് കാണിച്ചു തന്നു. ഗേറ്റിൽ അദ്ദേഹവും മകനും കാത്തു നിൽക്കുന്നു. വൈലറ്റ് കലർന്ന പെയ്ന്റ് പൂശിയ കൊച്ചു വാർക്കവീട്. അഭിവാദനം ചെയ്ത് അദ്ദേഹത്തിന്റെ വീടിനകത്തേയ്ക്കു കയറി. വർണ്ണ ചിത്രങ്ങളുടെയോ പുരസ്കാരഫലകങ്ങളുടെയോ അലങ്കാരമില്ലാത്ത വിശാലമായ മുറി. മകനുമായി കുറച്ചു സംസാരിച്ചു, അദ്ദേഹത്തിന്റെ പത്നി ചായയുമായി വന്നു. നാട്ടുവർത്തമാനങ്ങളും വീട്ടു വിശേഷങ്ങളും ജാനകിയമ്മയും അങ്ങനെ ആ നിമിഷങ്ങൾ പെട്ടെന്ന് സംഗീതസാന്ദ്രമായി. കുറേ നേരം സംസാരിച്ചിരുന്നു. അദ്ദേഹം സിനിമയിൽ വന്നതും.. സാഹചര്യങ്ങളുമൊക്കെ.. ജാനകിയമ്മയെ കുറിച്ച് രണ്ട് വാക്കു പറഞ്ഞു തരണമെന്നു ചോദിച്ചപ്പോൾ അദ്ദേഹം പറയുകയാണ് ജാനകി- ജാനകിയമ്മ. നല്ലൊരു അമ്മ. എന്റെ ഭാഗ്യമാണ് ഒരു താരാട്ട് പാട്ട് അമ്മയെകൊണ്ട് പാടിക്കുവാൻ കഴിഞ്ഞത്. കേട്ടപ്പോൾ എനിക്കു അതിയായ സന്തോഷം തോന്നി. കാരണം നാഴികയ്ക്കു നാല്പതുവട്ടം എന്നും പറയുന്ന പേരാണ് എസ്.ജാനകി. അത് മറ്റുള്ളവരിൽ നിന്നും കേൾക്കുമ്പോൾ പിന്നെ പറയണോ..

വാത്‌സല്യത്തിന്റെ മണിമുത്തുകൾ വാരിവിതറി എസ്.ജാനകി പാടിയ ഗാനമാണ് 'പൊന്നും കുടത്തിനു പൊട്ടും വേണം….'. തൃശിവപേരൂർ ചേതന സ്റ്റുഡിയോയിലെ സ്യൂട്ട് ഒന്നിലായിരുന്നു ഗാനങ്ങളുടെ ഓർക്ക്സ്റ്ടേഷൻ ഒരുക്കിയത്. പിന്നീട് ചെന്നൈ തരംഗണി സ്റ്റുഡിയോയിൽ വച്ച് ഗാനങ്ങൾ മിക്സ് ചെയ്യുകയായിരുന്നു. ഉണ്ണിയായിരുന്നു ഗാനങ്ങൾ റെക്കാഡ് ചെയ്തത്.  എസ്. ജാനകി സോളോയായും യേശുദാസിനൊപ്പം യുഗ്മഗാനമായും ഗാനം ആലപിക്കുകയുണ്ടായി.

പൊന്നും കുടത്തിനു പൊട്ടും വേണം

അമ്മയ്ക്കു നല്ലൊരു പാട്ടും വേണം

മണിമുത്തം നൽകാനുള്ളൊരു മറുകും വേണം..

എസ്.ജാനകിയുടെ നല്ലൊരു ഹമ്മിങ്ങുമായാണു ഗാനം ആരംഭിക്കുന്നത് തന്നെ. ഗാനത്തിന്റെ റെക്കാഡിങ്ങ് സന്ദർഭം സംവിധായകൻ പറയുന്നതിങ്ങനെ. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക് “ പാട്ടുപാടുവാൻ വരുന്ന സമയത്ത് ജാനകിയമ്മയ്ക്കു തീരെ സുഖമില്ലായിരുന്നു. സ്വരവും പതറുന്നുണ്ടായിരുന്നു. അന്നു തന്നെ റെക്കാഡ് ചെയ്യേണ്ടതിനാൽ അവർ വളരെ കഷ്ടപെട്ടായിരുന്നു ഗാനം പാടി പൂർണ്ണമാക്കിയത്. ആദ്യം പാടിയതില്‍ ഞാൻ തൃപ്തനായിരുന്നെങ്കിലും,   ഒരു നോട്ടിനു ചെറിയ തെറ്റുണ്ടെന്നു തിരിച്ചറിഞ്ഞ ജാനകിയമ്മ തന്നെ പാടുവാൻ നിർബന്ധിക്കുകയായിരുന്നു. ആ ഗാനം മുഴുവനും രണ്ടാമത് ജാനകിയമ്മ പാടുകയായിരുന്നു. ഇത്രയും നന്നായി സഹകരിക്കുന്ന ഒരു ഗായികയെ കാണാനാവില്ല. മലയാളിയേക്കാൾ ഉച്ചാരണം ജാനകിയമ്മയ്ക്കു നന്നായി പാടുവാൻ സാധിക്കും”.  

ഇതുവരെ ഞാൻ വിചാരിച്ചിരുന്നത് എസ്.ബാലകൃഷ്ണന്റെ സംഗീതത്തിൽ എസ്.ജാനകി ഒരേ ഒരു പാട്ടു മാത്രമേ പാടിയുള്ളുവെന്നതാണ്. അല്ല 1996ൽ പണിക്കർ ട്രാവൽസ് നിർമ്മിച്ച ‘അമ്പലപ്പുഴ കണ്ണൻ’ എന്ന ഭക്തിഗാന ആൽബത്തിൽ എസ്.ജാനകി ഒരു ഗാനം പാടിയിട്ടുണ്ട്. മറ്റു ഗാനങ്ങൾ പാടിയത് പി. ലീലയാണ്. അപ്പൻ തച്ച് എഴുതിയ ഗാനങ്ങൾക്കു സംഗീതം പകർന്നത് എസ്.ബാലകൃഷ്ണൻ. നിർഭാഗ്യവശാൽ ‘അമ്പലപ്പുഴ കണ്ണൻ’ എന്ന ഭക്തിഗാന ആൽബം പുറത്തിറങ്ങിയില്ല. എസ്.ജാനകി വളരെ ആസ്വദിച്ചു പാടിയതായി സംവിധായകൻ എസ്.ബാലകൃഷ്ണൻ ഓർക്കുന്നു. സംവിധായകൻ ഏറെ അന്വേഷിച്ചു നടക്കുകയാണ് ഈ ഗാനം ഒന്ന് ലഭിക്കുവാൻ… ഈ ഗാനത്തിന്റെ റെക്കാഡിങ്ങ് സന്ദർഭം രസകരമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ‘തിരുവാക ചാർത്തിനു സമയമായ്…’ എന്ന പാട്ടിന്റെ ട്രാക്ക് പാടിയത് ബാലകൃഷ്ണനാണ്, എസ്.ജാനകിയ്ക്കു പാട്ട് പറഞ്ഞും ട്രാക്ക് ഗാനം കേൾപ്പിക്കുകയും ചെയ്തു. ഇതുകേട്ട് എസ്.ജാനകി പറയുകയാണ് നന്നായി

പാടിയിരിക്കുന്നു, ഇതുപോലെ തന്നെ ഞാനും പാടണമല്ലേ..അപ്പോൾ എനിക്കു കുറച്ച് സമയം കൊടുക്കണം. ഈ സന്ദർഭമൊരിക്കലും മറക്കാനാവില്ലയെന്ന് സംഗീതസംവിധായകൻ ബാലകൃഷ്ണൻ.

തിരുവാക ചാർത്തിനു സമയമായി

കരിമുകിൽ കണ്ണാ തുയിലുണരൂ….

പള്ളിയുറക്കമുണരു 

വിണ്ണിൽ വെള്ളി വിളക്കും തെളിഞ്ഞു

മലയാളിയ്ക്ക് എന്നും മൂളി നടക്കാനുള്ള ഈണങ്ങൾ ആസ്വാദകന്റെ ഹൃദയത്തിൽ ചേർത്തു നിർത്തിയാണ് ഈ ലോകത്തോട് വിടപറയുന്നത്. പ്രിയസംഗീതസംവിധായകന് പ്രണാമം.