വാര്‍ധക്യം ജീവിതത്തിലെ രണ്ടാംബാല്യമാണെന്നു കരുതുന്നവരാണു നമ്മൾ. അതുകൊണ്ടുതന്നെ ഈ ബാല്യത്തെ ചിലർ ആഘോഷമാക്കും. രോഗശയ്യയിൽ പോലും അവർ ആനന്ദം കണ്ടെത്തും. അങ്ങനെ ഒരാനന്ദ നിർവൃതിയിലാണ് ഈ അമ്മൂമ്മ.
പാലിയേറ്റീവ് കെയറിലെ ഡോക്ടർ വന്നപ്പോൾ വെറുതെ ഒരു പാട്ടു പാടാൻ പറഞ്ഞു. തുടർന്ന് അമ്മൂമ്മയുടെ ഗംഭീര ആലാപനം. എക്കാലത്തെയും ക്ലാസിക് ആയ 'കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി'. ഗാനത്തിലെ മുഴുവൻ വരികളും മനോഹരമായി തന്നെ ഈ അമ്മൂമ്മ പാടി. വാർധക്യത്തിന്റെ അവശതകളൊന്നും അമ്മൂമ്മയുടെ ശബ്ദത്തെ ബാധിച്ചിട്ടില്ല.
അതിമനോഹരമായി പാട്ടുപാടുന്ന ഈ അമ്മൂമ്മയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 'അമ്മൂമ്മയ്ക്ക് ദൈവം ദീർഘായുസ് നൽകട്ടെ' എന്ന് ആശംസിക്കുകയാണു ഗാനം കേട്ടവര്‍. എത്ര കേട്ടാലും മതിവരുന്നില്ലെന്നും അമ്മയോടു വല്ലാത്ത സ്നേഹം തോന്നുന്നു എന്നുമാണ് മറ്റുചിലരുടെ കമന്റുകൾ.
'നീലക്കടമ്പ്' എന്ന ചിത്രത്തിലേതാണ് കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി എന്ന ഗാനം. ചിത്രം പുറത്തിറങ്ങിയില്ലെങ്കിലും ഗാനം ആസ്വദക ഹൃദയത്തെ കീഴടക്കിയതാണ്. കെ. ജയകുമാറിന്റെതാണു വരികൾ. രവീന്ദ്രന്റെ സംഗീതത്തിൽ ചിത്ര ഗാനം ആലപിച്ചിരിക്കുന്നു.