ഗിത്താറിസ്റ്റ് ജോൺ ആന്തണി അന്തരിച്ചു

പ്രശസ്ത ഗിത്താറിസ്റ്റും ‘കർണാട്രിക്സ്’ ഫ്യൂഷൻ ബാൻഡ് സ്ഥാപകനുമായ ജോൺ ആന്തണി (62) നിര്യാതനായി. വസതിയായ പൂജപ്പുര ‘മാന്റർലി’യിൽ റിഹേഴ്സലിനിടെ ഹൃദയാഘാതം മൂലമാണ് അന്ത്യം. 

ജോൺ ആന്തണി 1980ൽ ചെന്നൈയിൽ ആരംഭിച്ച റൂട്സ് ബാന്റിലൂടെയാണ് സംഗീത പ്രതിഭകളായ എ.ആർ.റഹ്മാനും ശിവമണിയും ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി രണ്ടായിരത്തിലേറെ ചലച്ചിത്ര ഗാനങ്ങൾക്കു ലീഡ് ഗിത്താർ വായിച്ചു. റോക്ക് ബാൻഡുകളിലൂടെ പ്രശസ്തനായ ജോൺ ആന്റണി പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. കാർട്ടൂണിസ്റ്റ് എന്ന നിലയിലും തിളങ്ങി. 

30 വർഷം സംഗീത ലോകത്തു ഗിത്താറിസിറ്റായും അധ്യാപകനായും പ്രവർത്തിച്ച ജോൺ ആന്തണി തിരുവനന്തപുരം,കൊച്ചി,ചൈന്നൈ നഗരങ്ങളിലായിട്ടായിരുന്നു താമസം. വിവിധ രാജ്യങ്ങളിലായി രണ്ടായിരത്തി അഞ്ഞൂറിലേറെ സംഗീത പരിപാടികളിൽ ഭാഗമായി. ഏറെ നാൾ തരംഗിണി സ്റ്റുഡിയോയിൽ ഗിത്താർ അധ്യാപകനായും ജോലി ചെയ്തു. മുൻ പിഎസ്‌സി അംഗം ഡോ.ഇ.പി.ആന്തണിയുടേയും ആലീസിന്റേയും മകനാണ്. ഭാര്യ സൂപ്രീത ജോൺ. ഏക മകൻ സിദ്ധാർഥ് ജോൺ ഹോളിവുഡിലെ ആനിമേഷൻ സ്പെഷലിസ്റ്റാണ് .ഗായിക കെ.എസ്. ചിത്ര അടക്കം സംഗീത ലോകത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു.