ചിലപാട്ടുകളും ചില ശബ്ദങ്ങളും അങ്ങനെയാണ്. ഒറ്റത്തവണ കേട്ടാൽ മതി. ഹൃദയത്തിൽ പതിയും. അത്തരം ഒരു ഗാനമാണ് നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ 'മിഖായേലി'ലെ 'നോവിന്റെ കായല്‍'. സിത്താരയുടെ മനോഹരമായ ആലാപനും ബി.കെ. ഹരിനാരായണന്റെ വരികളും മനസ്സിനെ കൂട്ടിക്കൊണ്ടു പോകുന്നതു നോവിന്റെ കായൽ കരയിലേക്കു തന്നെയാണ്. ഗോപി സുന്ദറിന്റെ സംഗീതം.
ലോകത്തിൽ മറ്റൊന്നും അമ്മയ്ക്കു പകരമാകില്ലെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ഈ ഗാനം. അമ്മയുടെ കരുതലും സ്നേഹവും നഷ്ടമാകുന്ന നിമിഷത്തിലെ ശൂന്യതയെ കുറിച്ചാണു ഗാനം പറയുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ 'അമ്മ മഴക്കാറിനു കൺ നിറഞ്ഞു' എന്ന ഗാനത്തിനു ശേഷം മലയാളി കേൾക്കുന്ന മനോഹമായ 'അമ്മപ്പാട്ടാ'ണ് ഇതെന്നാണു ചിലരുടെ വിലയിരുത്തൽ. ഈ തലമുറയുടെ ഗിരീഷ് പുത്തഞ്ചേരിയാണ് ഹരിനാരായണനെന്നു പറയുന്നവരും കുറവല്ല.
ഗാനത്തിൽ നിവിനൊപ്പം എത്തുന്ന പുതുമുഖം നവനി മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. സിത്താരയുടെ ശബ്ദം ഗാനം ശ്രവണസുഖമുള്ളതാക്കുന്നുണ്ട്. 'ഗോപി സുന്ദറിന്റെ സംഗീതം വേറെ ലെവൽ' എന്നാണു ചിലരുടെ കമന്റുകൾ.
രണ്ടേമുക്കാൽ ലക്ഷത്തോളം ആളുകൾ കണ്ട ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഇടം പിടിച്ചു. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്.