ആ രാത്രി യഥാർഥത്തിൽ സംഭവിച്ചതെന്ത്?

trivandrum-balabhaskar-3
SHARE

നോവിന്റെ ഈണം ബാക്കിയാക്കി ബാലഭാസ്കർ ഈ ലോകത്തോടു വിടപറഞ്ഞിട്ട് മൂന്ന് മാസവും ഇരുപത്തിഒന്നു ദിവസവും പിന്നിടുന്നു. എവിടെ എങ്കിലും വയലിൻ എന്ന പദം കേട്ടാൽ തന്നെ മലയാളിയുടെ മനസ്സിലേക്ക് ഇപ്പോഴും വരുന്നതു ബാലഭാസ്കറിന്റെ മുഖം തന്നെയാണ്. അത്രമേൽ നമ്മുടെ ഹൃദയത്തിൽ ചേർന്നു നിന്നു ബാലഭാസ്കർ ബാക്കി വച്ച സംഗീതം. മരണവും തുടർന്നുണ്ടായ വെളിപ്പെടുത്തലുകളുമെല്ലാം ബാലഭാസ്കറിനെ സ്നേഹിക്കുന്നവരിൽ ഉണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. ഇതൊരു അപകട മരണമാണെന്നും അതല്ല ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു. ഈ അവസരത്തിൽ ബാലഭാസ്കറിന്റെ മരണത്തിന്റെ നിജസ്ഥിതി എന്തെന്ന് അറിയുക എന്നത്  അദ്ദേഹത്തെ സ്നേഹിച്ചവരുടെ അവകാശമാണെന്നതിൽ തർക്കമില്ല. പാലക്കാടുള്ള ഡോക്ടറുമായി ഉണ്ടായിരുന്ന സാമ്പത്തിക ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി.കെ. ഉണ്ണി നൽകിയ പരാതിയിൽ അന്വേഷണം പുരുഗമിക്കുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തു വരുന്നത്. 

കേരളത്തെ ഞെട്ടിച്ച് അപകടം

2018 സെപ്തംബർ 26ന് നേരം പുലർന്നത് ആ ദുഃഖ വാർത്തയോടെയായിരുന്നു. തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പുലർച്ചെ 4.30തോടെയായിരുന്നു അപകടം. അപകടത്തിൽ ബാലഭാസ്കറിന്റെ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അര്‍ജുൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പ്രര്‍ഥനയുടെ നാളുകൾ

ആശുപത്രിയില്‍ പ്രവേശിച്ച അന്നു മുതൽ ബാലഭാസ്കറിനായി ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒരു നാടാകെ പ്രാർഥനയിൽ ആയിരുന്നു. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ വെന്റിലേറ്ററിൽ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് സ്നേഹിക്കുന്നവർക്കെല്ലാം പ്രതീക്ഷ നൽകി അച്ഛൻ വിളിച്ചപ്പോൾ ബാലു കണ്ണു തുറക്കുകയും ചെയ്തു. ബാലഭാസ്കറിന്റെ ശരീരം മരുന്നുകളോടു പ്രതികരിക്കാൻ തുടങ്ങിയതോടെ പ്രതീക്ഷ ഇരട്ടിയായി. ആശുപത്രിയിൽ ബാലഭാസ്കറിനെ കണ്ടുമടങ്ങിയവരെല്ലാം പ്രതീക്ഷയുടെ സന്ദേശങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

വിട, പ്രിയപ്പെട്ട ബാലു

ഒക്ടോബർ രണ്ടിനു കേരളം ഉണർന്നത് ആ വാർത്ത കേട്ടാണ്. വയലിൻ തന്ത്രികളെ അനാഥമാക്കി ബാലഭാസ്കർ ഈ ലോകത്തോടു വിട പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് ഒക്ടോബർ രണ്ടിനു പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. ബാലുവിനെ സ്നേഹിക്കുന്നവർക്കു താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത. മറ്റാർക്കും കേരളം  ഇതുപോലെ ഒരു യാത്ര അയപ്പ് നൽകി കാണില്ല. അത്രയും തീവ്രമായിരുന്നു അത്. ബാലഭാസ്കറിനെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരങ്ങളായിരുന്നു എത്തിയത്. ഒടുവില്‍ വയലിനോടെ തന്നെയായിരുന്നു ബാലഭാസ്കറിന്റെ ഭൗതിക ശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയത്

trivandrum-balabhaskar-family

മാറി മറിഞ്ഞ മൊഴികൾ

അതുവരെ ബാലഭാസ്കറിന്റേത് വാഹനാപകടത്തിൽ സംഭവിച്ച മരണം ആണെന്നു തന്നെയാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. എന്നാൽ മാറി മറിഞ്ഞ മൊഴികളാണ് ദുരൂഹതയിലേക്കു വിരൽ ചൂണ്ടിയത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നു എന്നാണ് ഡ്രൈവർ അർജുൻ പൊലീസിനു മൊഴി നൽകിയത്. ഇതിനു തികച്ചും വിപരീതമായിരുന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് വാഹനം ഓടിച്ചത് അർജുൻ തന്നെയായിരുന്നു എന്ന് ലക്ഷ്മി പൊലീസിനു മൊഴി നൽകി. മൊഴികളിലെ വൈരുദ്ധ്യം സംഭവത്തെ പുതിയ തലത്തിലേക്കു നയിച്ചു.

സാമ്പത്തിക ഇടപാട്, പിതാവിന്റെ പരാതി

ലക്ഷ്മിയുടെയും അർജുന്റെയും മൊഴികൾ പുറത്തു വന്നതിനു തൊട്ടു പിന്നാലെയായിരുന്നു ബാലഭാസ്കറിന്റെ അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പൊലീസിൽ പരാതി നൽകിയത്. പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിന് വൻസാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും പിതാവിന്റെ പരാതിയിൽ പറയുന്നു. ഈ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

അർജുൻ ക്രമിനൽ കേസിലെ പ്രതി

കഴിഞ്ഞ ദിവസം വന്ന വാർത്ത വീണ്ടും വിരൽ ചൂണ്ടുന്നത് ആശങ്കയിലേക്കാണ്. ബാലഭാസ്കറിന്റെ സുഹൃത്തായ അർജുൻ ക്രിമിനൽ കേസിലെ പ്രതിയാണെന്നാണു പൊലീസ് കണ്ടെത്തല്‍. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. പാലക്കാടുള്ള ഡോക്ടറുമായി ബാലഭാസ്കറിനു സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി എങ്കിലും പിതാവ് ആരോപിക്കുന്നതു പോലെ ഒരു ദുരുഹതയുള്ളതായി പൊലീസിനു കണ്ടെത്താനായിട്ടില്ല. ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്കു വഴി തിരികെ നൽകി എന്നാണ് ഡോക്ടർ പൊലീസിൽ മൊഴി നൽകിയത്. ഇതു സംബന്ധിച്ച രേഖകളും അദ്ദേഹം ഹാജരാക്കി. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു തന്നെയാണ് ഇപ്പോഴും താൻ വിശ്വസിക്കുന്നതെന്നാണ് ഇപ്പോഴും പിതാവ് പറയുന്നത്. 

ദുരൂഹതയുണ്ടെന്ന് ബാലഭാസ്കറിന്റെ കുടുംബവും, അങ്ങനെയൊരു ദുരൂഹത സംബന്ധിച്ച് തെളിവൊന്നുമില്ലെന്ന് പൊലീസും പറയുമ്പോൾ ബാലുവിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ അവശേഷിക്കുന്ന ചില ചോദ്യങ്ങളുണ്ട്. മൊഴികളിലെ വൈരുദ്ധ്യം വിരൽ ചൂണ്ടുന്നത് എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA