ഒറ്റപ്പെടലിന്റെ പെണ്ണിടങ്ങളുണ്ട്. ജീവനായ് കണ്ടിരുന്ന ചില സ്വപ്നങ്ങൾ, വെറും സ്വപ്നങ്ങൾ മാത്രമായി മാറുന്ന ഇടങ്ങൾ. അങ്ങനെ ഏകാന്തതയുടെ തീരത്തേക്കു തള്ളപ്പെടുന്ന പെൺമനസ്സുകൾ. ആ തീരത്ത് പകച്ചനിൽക്കുന്ന പെൺമനസ്സുകളിൽ ആശ്വാസത്തിന്റെ വിത്തുകൾ പാകുന്നത്, ഒരു കൈ തരുന്നത് പലപ്പോഴും മറ്റൊരു സ്ത്രീ തന്നെയായിരിക്കും. അങ്ങനെ ഒരു പെൺഹൃദയത്തിന്റെയും സൗഹൃദത്തിന്റെയും ഗാനമാകുകയാണ് 'ജൂൺ' എന്ന ചിത്രത്തിലെ 'കൂടുവിട്ട് പാറും തേൻകിളീ'.
മഴവിൽ മനോരമ സൂപ്പർ ഫോർ എന്ന പരിപാടിയിലൂടെ മലയാളിയുടെ പ്രിയഗായകരുടെ പട്ടികയിലേയ്ക്ക് ഉയർന്ന ബിന്ദു അനിരുദ്ധനാണു ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്ത്തിയാണ് ഈണം പകർന്നിരിക്കന്നത്.
ഒറ്റപ്പെടുന്ന പെൺമനസ്സിന്റെ പാട്ടാണ് കൂടുവിട്ടു പാറും തേൻകിളീ. അവിടെ അൽപമെങ്കിലും ആശ്വാസമാകുന്നത് അവളുടെ പെൺസുഹൃത്താണ്. എങ്കിലും ഏതോ നഷ്ടത്തെ ഓർത്തിരിക്കുന്ന പെൺകുട്ടി. അവളാണ് ജൂൺ. ആ പെണ്‍കുട്ടിയുടെ ആത്മസംഘർഷങ്ങളിലൂടെയാണു ഗാനം മുന്നോട്ടു പോകുന്നത്.
തികച്ചും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് രജിഷ ചിത്രത്തില്‍ എത്തുന്നത്. 'ഗാനത്തിൽ അതിസുന്ദരിയായി രജഷ എത്തുന്നു' എന്നാണ് ആരാധകരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ഇതിനോടകം രണ്ടുലക്ഷത്തോളം പേർ യൂട്യൂബിൽ കണ്ടു. നിലവിൽ ട്രന്റിങ്ങിൽ ആറാമതാണു ഗാനം.
ചിത്രത്തിലെ തന്നെ 'മിന്നി മിന്നി' എന്നു തുടങ്ങുന്ന ഗാനം നേരത്തെ ഹിറ്റ് .ചാർട്ടിൽ ഇടംനേടിയിരുന്നു. പതിനേഴ് വയസ്സു മുതൽ ഇരുപത്തിയഞ്ചു വയസ്സു വരെ പ്രായമുള്ള ജൂൺ എന്ന പെൺകുട്ടിയുടെ ജീവിതമാണു ചിത്രത്തിന്റെ പ്രമേയം. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ തീയറ്ററിലെത്തും.