മധ്യവേനലവധിക്ക് സ്കൂളടയ്ക്കുന്നതോർക്കുമ്പോൾ ഇന്നും ഓർമകളിൽ മാമ്പൂമണം വിടരും. അവസാന ദിനവസത്തെ പരീക്ഷകഴിയുമ്പോൾ ഉള്ളിൽ തിരതല്ലുന്ന ആനന്ദം. ഇനി രണ്ടുമാസം പുസ്തകത്തെ പറ്റി ഓർക്കുകയേ വേണ്ട. പൂമ്പാറ്റകളെ പോലെ പാറി നടന്ന ആ കാലത്തിലേക്കു കൂട്ടികൊണ്ടു പോകുകയാണ് സ്വർണ മത്സ്യങ്ങളിലെ 'കാറ്റിൽ പാറും' എന്നു തുടങ്ങുന്ന ഗാനം. എം.സി. ലിനീഷിന്റെ വരികള്‍ക്ക് ബിജിബാലിന്റെ സംഗീതം. വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്.
ബാല്യ-കൗമാരങ്ങളെ അൽപം ഗൃഹാതുരതയോടെ ഓർക്കുന്നവർക്ക് ഈ ഗാനം ഇഷ്ടപ്പെടുമെന്ന് തീർച്ചയാണ്. വിദ്യാർഥി ജീവിതമാണു ഗാനത്തിന്റെ പ്രമേയം. നാട്ടിൻപുറവും നന്മ നിറയുന്ന കാഴ്ചകളും ഗാനത്തിനു മിഴിവേകുന്നുണ്ട്. ബിജിബാലിന്റെ വ്യത്യസ്തമായ സംഗീതം ഗാനത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. നമ്മുടെ സ്വപ്നങ്ങളിലേക്കാണു ഈ ഗാനം കൊണ്ടുപോകുന്നതെന്നാണു ചിലരുടെ പ്രതികരണം. ഗാനം ജോറായിട്ടുണ്ട് എന്നു പറയുന്നവരുമുണ്ട്.
ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജി.എസ്. പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ചിത്രം എത്തുന്നത്. പുതുമുഖങ്ങളുമായാണ് ചിത്രം എത്തുന്നത്. സ്വർണ മത്സ്യങ്ങളുടെ തിരക്കഥയും പ്രദീപിന്റെതാണ്. അഴകപ്പനാണ് ഛായാഗ്രഹണം.