കടന്നപ്പള്ളി രാമചന്ദ്രൻ മികച്ച ജനപ്രതിനിധിയാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നല്ല പാട്ടുകാരനാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് മന്ത്രി. അദ്ദേഹത്തിന് എക്കാലത്തും പ്രിയപ്പെട്ട ഗാനമായ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനംല ആലപിക്കുകയാണ് മന്ത്രി.
കണ്ണൂർ കക്കാട് സ്കൂളിന്റെ നൂറാം വാർഷികത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു മന്ത്രി. ഉദ്ഘാടന ശേഷം ജനങ്ങൾ ഒരുപാട്ടു പാടാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. താനൊരു ഗായകനൊന്നുമല്ലെന്നായിരുന്നു കടന്നപ്പള്ളിയുടെ മറുപടി. അതുകുഴപ്പമില്ല, സർ പാടണമെന്നായി ജനം. ഒടുവിൽ സദസ്സിന്റെ നിർബന്ധത്തിനു വഴങ്ങി മന്ത്രി പാടി
ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി.
കടന്നപ്പള്ളിയുടെ പാട്ടിനൊപ്പം സദസ്സ് താളമിട്ടു. ഏതായാലും മന്ത്രിയുടെ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധിപേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.
1975ൽ പുറത്തിറങ്ങിയ കൊട്ടാരങ്ങൾ വിൽക്കാനുണ്ട് എന്ന ചിത്രത്തിലേതാണു ഗാനം. വയലാറിന്റെ വരികൾക്കു ജീ. ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു. യേശുദാസ് ആലപിച്ച ഗാനം മലയാളിയുടെ എക്കാലത്തെയും പ്രിയഗാനങ്ങളിൽ ഒന്നാണ്.