തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണ രീതിയെ വിമർശിച്ച് പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം. ശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രം ധരിച്ച് താരങ്ങൾ പൊതുപരിപാടിയിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് എസ്പിബി പറഞ്ഞു. പൊതുപരിപാടികളിലും പങ്കെടുക്കാനായി എത്തുമ്പോൾ മാന്യമായ വസ്ത്രം ധരിക്കാൻ താരങ്ങൾ ശ്രദ്ധിക്കണം. സംവിധായകർക്കും നിർമാതാക്കൾക്കും എതിരെയും എസ്.പി.ബി വിമർശനം ഉന്നയിച്ചു.
സിനിമയിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ താരങ്ങൾ നിർബന്ധിതരാകുന്നുണ്ട്. അതുകൊണ്ടു കൂടിയാണ് പൊതുപരിപാടികളിൽ പോലും ഇത്തരം വസ്ത്രങ്ങൾ അണിഞ്ഞ് അവർ എത്തുന്നതെന്നും എസ്പിബി കൂട്ടിച്ചേർത്തു. തെലുങ്ക് സംസ്കാരത്തെ പോലും മാനിക്കാത്തവരാണ് ഇത്തരക്കാർ. സിനിമയില്‍ നിന്നും ലഭിക്കുന്ന ലാഭം മാത്രമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നല്ല സംസ്കാരം ഉണ്ടായിരുന്ന കാലം തെലുങ്ക് സിനിമയ്ക്കുണ്ടായിരുന്നു. സിനിമ എന്ന മാധ്യമത്തിന് സമൂഹത്തോട് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്. കേവല ലാഭത്തിനു വേണ്ടി മാത്രം നിർമാതാക്കളും സംവിധായകരും സിനിമയെ ഉപയോഗിക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. .
ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു എസ്പിബിയുടെ വിമർശനംനേരത്തെയും തെലുങ്ക് താരങ്ങളുടെ വസ്ത്രധാരണ രീതിയെ പറ്റി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നിരുന്നു. എന്നാല്‍ ഇത്തരം ഒരു വിഷയത്തിൽ എസ്.പി. ബാലസുബ്രഹ്മണ്യം അഭിപ്രായം പറയുന്നത് ആദ്യമായാണ്. എസ്പിബിയുടെ അഭിപ്രായം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.