വിരഹമുള്ളേറ്റ് ഹൃദയം കോറും ചിലപാട്ടുകൾ കേൾക്കുമ്പോൾ. അത്തരത്തിൽ ഒരു ഗാനമാണ് അയാളും ഞാനും എന്ന ചിത്രത്തിലെ അഴലിന്റെ ആഴങ്ങളിൽ. നഷ്ട പ്രണയത്തെ കുറിച്ച ഈ വരികൾ മലയാളിയുടെ ചുണ്ടിൽ ഇന്നും ഉണ്ട്. ജീവിതത്തിന്റെ തീച്ചൂളയിൽ എരിയുന്ന ഒരമ്മ ഈ ഗാനം പാടിയപ്പോൾ അത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ
കനൽ പോലെ എരിയുന്ന ജീവിതത്തിന്റെ കഥ ഒളിഞ്ഞിരിപ്പുണ്ട് ഈ അമ്മയുടെ പാട്ടിൽ. അഴലിന്റെ ആഴങ്ങളിൽ എന്ന ഗാനം മകന്റെ നിർബന്ധത്തിനു വഴങ്ങി പാടുകയാണ് അമ്മ. പാട്ടിന് മുൻപും പിൻപും എരിയുന്ന തീയ്ക്ക് മുന്നിലിരുന്ന് ഇൗ അമ്മ പറഞ്ഞ വാക്കുകളും എവിടെയൊക്കെയോ ഉള്ളുനീറ്റുന്നതാണ്. സോഷ്യൽ മീഡിയയാകെ ഈ അമ്മയുടെയും പാട്ടുവിഡിയോ ഏറ്റെടുത്തിരിക്കുകയാണ്. അമ്മയുടെ വാക്കുകൾ ഇങ്ങനെ: ‘മതിയെടാ ചെറുക്കാ.. ഇനി പാടിയാൽ ഞാൻ കരഞ്ഞുപോകും. ഇതൊന്നും ഒരു പാട്ടല്ല മക്കളെ, ജീവിതമാണ്. ഇൗ പാട്ടൊക്കെ ഒാരോ ജീവിതമാണ്. ജീവിതം വച്ച് കളിക്കുന്നവർക്ക് വേണ്ടിയുള്ള പാട്ടുകളാ.. ജീവിതത്തിൽ ആരെയും ചതിക്കാൻ പാടില്ല..ആരെയും.. അമ്മയ്ക്ക്് ഏറെ ഇഷ്ടമുള്ള പാട്ടാ ഇത്. പക്ഷേ ഇങ്ങനെയാെന്നുമല്ല പാടേണ്ടത്. വീട്ടിൽ കിടന്ന് മോങ്ങുന്ന എനിക്കൊന്നും പാട്ട് പറഞ്ഞിട്ടില്ല..’
പാട്ടിനൊപ്പം അമ്മ മകനോട് പറഞ്ഞ ഇൗ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വെള്ളം ചൂടാക്കുന്നതിനിടയിൽ തീയുടെയും പുകയുടെയും ഇടയിൽ ഇരുന്ന് ഇൗ അമ്മ പാടുന്നത്. വിഡിയോ സോഷ്യൽ ലോകത്ത് പങ്കുവച്ചതോടെ പാട്ടും ഇൗ വാക്കുകളും വൈറലായി.