ഒരിക്കൽ കേട്ടാൽ മറക്കാത്ത ചിലഗാനങ്ങളുണ്ട് മനസ്സിൽ. അത്തരം ചിലഗാനങ്ങളാണ് വൈശാലിയിലെയും ഞാൻ ഗന്ധർവനിലെയും. ചിലകഥാപാത്രങ്ങളും അങ്ങനെ തന്നെ. വൈശാലിയിലെ ഋഷ്യശൃംഗന്റെ പ്രണയിനിയായ  വൈശാലിയെയും ഞാൻ ഗന്ധർവനിലെ ഗന്ധർവന്റെ ഹൃദയം കവർന്ന ഭാമയെയും മലയാളിക്കു മറക്കാനാകില്ല.  കഥാപാത്രങ്ങളെ അനശ്വരമാക്കിയ സുപർണ ആനന്ദ് വർഷങ്ങൾക്കിപ്പുറം പാടുകയാണ് 'പാലപ്പൂവെ നിൻ തിരുമംഗല്യ താലി തരൂ...' കൂടെ പാട്ടും വിശേഷങ്ങളുമായി എത്തുകയാണ് സിനിമാ താരവും ഗായകനുമായ സഞ്ജയും. മഴവിൽ മനോരമയുടെ ‘ഒന്നും ഒന്നും മൂന്നി’ന്റെ വേദിയിൽ അതിഥികളായി എത്തിയതായിരുന്നു സുപർണയും സഞ്ജയും

‘ഞാൻ ഗന്ധർവനി’ലെ ദേവീ ആത്മരാഗമേകാൻ, പാലപ്പൂവെ എന്നീ ഗാനങ്ങളാണ് സുപർണ റിമി ടോമിക്കൊപ്പം പാടിയത്. വൈശാലി എന്ന സിനിമയിലെ അഭിനയം ജീവിതം മാറ്റി മറിച്ചതായും സുപർണ പറഞ്ഞു. തുടർന്ന് ഇഷ്ടമുള്ള ഗാനം ആലപിക്കാൻ റിമി സുപർണയോടു ആവശ്യപ്പെട്ടു. ‘ഞാൻ ഒരു ഗായികയൊന്നുമല്ല. എങ്കിലും റിമിക്കു വേണ്ടി ഗാനം ആലപിക്കാ’മെന്നായിരുന്നു സുപർണയുടെ മറുപടി. ';മാത് ന ആയി' എന്ന ഹിറ്റ് ഗാനമാണ് സുപർണ ആലപിച്ചത്. അഭിനേത്രി എന്നതിലുപരി സുപർണ ഇത്രയും മികച്ച ഗായികയാണെന്ന് അറിയുന്നത് ആദ്യമായാണെന്നു റിമി പറഞ്ഞു. ഒരു പ്രൊഫഷണൽ ഗായികയെ പോലെയാണ് സുപർണ ആലപിച്ചത്. 

തുടർന്ന് ‘വൈശാലി’യിൽ ഋഷ്യശൃംഗനായി വേഷമിട്ട സഞ്ജയ് കൂടി എത്തി. മനോഹരമായ ഹിന്ദി ഗാനം ആലപിച്ചു കൊണ്ടാണ് സഞ്ജയ് എത്തിയത്. സഞ്ജയും സുപർണയും നല്ല ഗായകരാണെന്നു ഒരിക്കൽ കൂടി തെളിയിക്കുകയാണെന്ന് റിമി പറഞ്ഞു. വൈശാലിയുടെ ഷൂട്ടിങ് സമയത്ത്  ‘ഇന്ദ്രനീലിമയോലും’ എന്ന ഗാനത്തിലെ ചുംബന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചതെന്ന് സുപർണ ഓർത്തു. വർഷങ്ങൾക്കിപ്പുറം ആ ഗാനരംഗം ഇരുവരും ‘ഒന്നും ഒന്നും മൂന്നി’ന്റെ വേദിയിൽ പുനരാവിഷ്കരിക്കുകയും ചെയ്തു. ഒരുമിച്ചുണ്ടായിരുന്ന കാലത്തെ കുറിച്ചും വിവാഹ ജീവിതത്തെ പറ്റിയും സഞ്ജയും സുപർണയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ മനസ്സു തുറന്നു.