ഒവിബിഎസ് സിഡി പ്രകാശനം ചെയ്തു
മധ്യവേനൽ അവധിക്കാലത്ത് ഒാർത്തഡോക്സ് സഭയിലെ പള്ളികളിൽ നടത്തുന്ന ഒർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ (ഒ.വി.ബി.എസ്) ക്ലാസ്സുകളുടെ ഇക്കൊല്ലത്തെ ഗാനങ്ങളടങ്ങിയ സി.ഡി ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണിനു നൽകി പ്രകാശനം ചെയ്തു. ഡയറക്ടർ ജനറൽ ഫാ. ഡോ. ജേക്കബ് കുര്യൻ, പബ്ലിക്കേഷൻ ഒാഫീസർ ചെറിയാൻ തോമസ്. ഒ.വി.ബി.എസ് ഡയറക്ടർ ഫാ. മാത്യു കോശി, ജനറൽ സെക്രട്ടറി ഐപ്പ് വർഗീസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
കുട്ടികൾ വരച്ച ചിത്രമാണ് സിഡിയുടെ മുഖച്ചിത്രമാക്കി ഉപയോഗിച്ചിരിക്കുന്നത്. കുട്ടികൾ തന്നെയാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും. മലയാളം കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, സുറിയാനി ഭാഷകളിലുള്ള ഗാനങ്ങളും സി.ഡിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട മറ്റു വിഡിയോകളും സിഡിയിലുണ്ട്. പൗരസ്ത്യ സൺഡേസ്കൂൾ അസോസിയേഷന്റെ കീഴിലാണ് ഒ.വി.ബി.എസ് പ്രവർത്തിക്കുന്നത്. മധ്യവേനൽ അവധിക്കാലത്ത് എട്ടു ദിവസങ്ങളായിട്ടാണ് ഇതിന്റെ പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലും പുറത്തുമായി ഏകദേശം ഒരു ലക്ഷത്തോളം വിദ്യാർഥികൾ ഒവിബിഎസ്സിൽ പങ്കെടുക്കുന്നുണ്ടെന്നും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു.