തമിഴ് ‍ഡബ്ബിങ് യൂണിയനിൽ നിന്നും ഗായിക ചിൻമയിയെ പുറത്താക്കിയ നടപടി ചെന്നൈ സിവിൽ കോടതി സ്റ്റേ ചെയ്തു. യാതൊരു കാരണവുമില്ലാതെയാണു തന്നെ പുറത്താക്കിയതെന്ന ചിൻമയിയുടെ ഹർജിയിലാണു കോടതി ഇടപെടൽ. തമിഴ് സിനിമാ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഗായിക ചിൻമയിയുടെ മീടു വെളിപ്പെടുത്തൽ. പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു ചിൻമയി ലൈംഗികാരോപണം ഉന്നയിച്ചത്. ഇതിൽ വലിയ തോതിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വരികയും തമിഴ് ഡബ്ബിങ് യൂണിയനിൽ നിന്നും ചിൻമയിയെ പുറത്താക്കുകയും ചെയ്തു. 

സംഘടനയുടെ വിലക്കു കാരണം കഴിഞ്ഞ നവംബറിനു ശേഷം ചിൻമയിക്ക് തമിഴ് സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടപടി പിന്‍വലിക്കുന്നതിനായി മാപ്പു പറയണമെന്നും ഒന്നര ലക്ഷം രൂപ നല്‍കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടതായും ചിൻമയി മുൻപ് പറഞ്ഞിരുന്നു.സ്റ്റേ അനുവദിച്ചെങ്കിലും വലിയൊരു നിയമപോരാട്ടമാണ് ഇനി വരാനിരിക്കുന്നതെന്നും നീതി നടപ്പാകുമെന്ന് കരുതുന്നതായും ചിൻമയി പ്രതികരിച്ചു. 

രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ല എന്ന കാരണം പറഞ്ഞാണ് ഡബ്ബിങ് യൂണിയനിൽ നിന്നും ചിൻമയിയെ പുറത്താക്കിയത്. രണ്ടുവര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്തുശതമാനം ഈടാക്കിയിരുന്നുവെന്ന് ചിൻമയി പറഞ്ഞിരുന്നു.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു വൈരമുത്തുവിനെതിരെ ചിൻമയിയുടെ ഗുരുതര ലൈംഗികാരോപണം. വൈരമുത്തു രണ്ടു തവണ മോശമായി പെരുമാറിയെന്ന് അവർ ട്വീറ്റ് ചെയ്തു. ഒപ്പം, വൈരമുത്തുവിനെതിരെ മറ്റു പലരും പങ്കുവെച്ച ആരോപണങ്ങളെയും ചിൻമയി പിന്തുണച്ചു.