ചുരുങ്ങിയ കാലം കൊണ്ടു മലയാളി മനസ്സു കീഴടക്കിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഏത് മോഡുലേഷനും അനായാസേന പാടാനുള്ള കഴിവും, ആലാപന മാധുരിയും തന്നെയാണ് സിത്താരയെ മലയാളിയുടെ പ്രിയപ്പെട്ട ഗായികയാക്കിമാറ്റിയത്. ഇപ്പോഴിതാ അമ്മയെ പോലെ തന്നെ പാട്ടുമായി എത്തുകയാണ് മകൾ. കുമ്പളങ്ങി നൈറ്റ്സിൽ അമ്മ സിത്താര പാടിയ ‘ചിരാതുകൾ’  എന്ന ഗാനത്തിന്റെ ഹമ്മിങ് പാടിയാണ് സായുകുട്ടി എത്തുന്നത്. 

പാട്ടിനു ശേഷം ‘ഞാൻ സായു, സിത്താരക്കുട്ടീന്റെ മോള്’ എന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചലച്ചിത്ര താരം അനീഷ് ജി മേനോനെയും വിഡിയോയിൽ കാണാം. അമ്മയെ പോലെ തന്നെ സായൂകുട്ടിക്കും ഒരുപാട് പുരസ്കാരങ്ങൾ ലഭിക്കട്ടെ എന്ന് അനീഷ് വിഡിയോയിൽ പറയുന്നു. സംഗതി എന്തായാലും സായുവിന്റെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തതോടെ കുട്ടിഗായികയുടെ കുട്ടിപ്പാട്ട് വൈറലായി. 

‘അമ്മയെ പോലെ തന്നെ മിടുക്കിയായ ഗായിക’യാണ് മകള്‍ എന്നാണ് വിഡിയോ കണ്ട ആസ്വാദകരുടെ വിലയിരുത്തൽ. 2007 മുതൽ സിനിമാ സംഗീത രംഗത്ത് സജീവമാണ് സിത്താര. നിരവധി ഗാനങ്ങൾ ആലപിക്കുകയും, ഉടലാഴത്തിലെ ഗാനങ്ങൾക്കു സംഗീതം നൽകുകയും ചെയ്തു സിത്താര.