നാട്ടുകാർ തല്ലാൻ പിടിച്ചു; വീണ് ഉരുണ്ടു വേദിയിൽ; പിന്നെ കയ്യടി
കള്ളുകുടിച്ചാൽ സാധാരണക്കാരിൽ സാധാരണക്കാരായവർ ചിലപ്പോൾ കരയും, ചിലപ്പോൾ ചിരിക്കും. എന്നാൽ ചിലരാകട്ടെ അതിഗംഭീരമായി പാടും. അങ്ങനെയൊരു പാട്ടുവിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നാട്ടുകാർ അടിക്കാൻ പിടിച്ചു. പക്ഷേ, പിന്നീട് സംഭവിച്ചത് ആരെയും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു.
സംഭവം ഇങ്ങനെ: വേദിയിൽ ഗാനമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പാടാൻ മൈക്കും കയ്യിൽ പിടിച്ചു നിൽക്കുകയാണു ഗായകൻ. വേദിയിലേക്ക് അതാ ഒരാൾ ആടിയാടി നടന്നു വരുന്നു. ആളെ കണ്ടപ്പോൾ തന്നെ സംഘാടകർക്കു മനസ്സിലായി. അത്യാവശ്യം നന്നായി മദ്യപിച്ചിട്ടുണ്ട്. വേദിയിലേക്ക് വരണമെന്ന് അയാൾ വാശിപിടിക്കുന്നു. സംഘാടകർ തടയുകയാണ്. ചെറിയ രീതിയിൽ കയ്യാങ്കളിയും. അപ്പോൾ വേദിയിൽ തയ്യാറായി നിൽക്കുന്ന ഗായകൻ പറയുന്നു. ‘അയാളിങ്ങു പോന്നോട്ടെ’. അങ്ങനെ വേദിയിലേക്ക്. വേദിയിലേക്ക് എത്തുന്നതിനു മുൻപ് രണ്ടു വീഴ്ച. പിന്നെ ബദ്ധപ്പെട്ട് വേദിയിൽ. ആടിയാടി തന്നെയാണ് വേദിയിൽ നിൽക്കുന്നത്. പിന്നെ രണ്ടു വാക്ക്. ‘എനിക്കൊരു പാട്ടുപാടണം, അതും മണിച്ചേട്ടന്റെ പാട്ട്. നമ്മുടെ മണിച്ചേട്ടന്റെ പാട്ടില്ലാതെ എന്ത് ആഘോഷം.’ ഇത്രയും പറഞ്ഞപ്പോഴേക്കും വേദിയിൽ കയ്യടി മുഴങ്ങി. പിന്നെ ഗംഭീര പാട്ട്.
കലാഭവന്‍ മണിയുടെ എക്കാലത്തെയും ഹിറ്റ് നാടൻപാട്ടായ പകൽ മുഴുവൻ പണിയെടുത്ത് എന്ന ഗാനമായിരുന്നു പാടിയത്. ഇതോടെ സദസ്സിലിരുന്നവരെല്ലാം ആവേശത്തിലായി. സദസ്സിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു പിന്നെ പാട്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണോ ഈ പ്രകടനമെന്ന സംശയവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്. കാരണം നാടകീയത എവിടെയൊക്കെയോ ഉള്ളതായി തോന്നുന്നു എന്നാണ് ഇത്തരക്കാരുടെ അഭിപ്രായം.ഏതായാലും സംഗതി വൈറലായിരിക്കുകയാണ്.