‘വരിക വരിക സഹജരേ,

സഹന സമര സമയമായ്’

വീണ്ടും ആ ഗാനം കേൾക്കുമ്പോൾ ആവേശം വാനോളം. പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ലൂസിഫറി’ലെ ആദ്യഗാനമായി ഇതെത്തുമ്പോൾ ആകാംക്ഷ ഇരട്ടിയാകുകയാണ്. അംശിനാരായണ പിള്ള രചിച്ച് ദേവരാജൻ മാസ്റ്റർ ഈണം പകര്‍ന്ന ഗാനത്തിന്റെ പുതിയ വേർഷനാണ് ലൂസിഫറിലൂടെ എത്തുന്നത്. ദീപക് ദേവാണ് സംഗീതം. മുരളീ ഗോപി ആലപിച്ചിരിക്കുന്നു. 

ഗാനം യൂട്യൂബിലെത്തി മണിക്കുറുകൾക്കകം കണ്ടത് രണ്ടുലക്ഷത്തി മുപ്പത്തിയെട്ടായിരം പേർ. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകരെന്ന് ഗാനത്തിനു ചുവടെയുള്ള കമന്റുകളിൽ നിന്നും വ്യക്തം. ‘പൃഥ്വിരാജ്, ഞങ്ങളെ ഇങ്ങനെ മുൾമുനയിൽ നിർത്തരുത്. ലാലേട്ടന്റെ വിസ്മയ പ്രകടനത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ’ എന്നിങ്ങനെയാണ് ചിലരുടെ കമന്റുകൾ. മറ്റു ചിലർ പറയുന്നത് ഇങ്ങനെ: ‘പാട്ടുകേട്ട് ആവേശം ഇരട്ടിയായി. കട്ട മീശയിൽ തലോടി കൈമടക്കി വാടാ എന്നൊരു വിളി. തീയറ്റർ നിറയ്ക്കാൻ ഇതുപോലെ അനവധി രംഗങ്ങൾ‌ ഇനിയും ബാക്കി. ഒറ്റപേര്. ലൂസിഫർ.’

ചിത്രത്തിന്റെ ട്രെയിലറിനും വൻസ്വീകാര്യതയാണ് നേരത്തെ ലഭിച്ചത്. യുട്യൂബിൽ റെക്കോർഡിട്ടു മുന്നേറുകയാണ് ട്രെയിലർ. ത്രസിപ്പിക്കുന്ന രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. സ്റ്റീഫൻ നെടുമ്പള്ളി നിരാശപ്പെടുത്തില്ലെന്നു തന്നെയാണ് മോഹൻലാൽ ആരാധകരുടെ പ്രതീക്ഷ. 

മീശ പിരിച്ച് മുണ്ട് മടക്കിക്കുത്തിയുള്ള മോഹൻലാലിന്റെ വരവ് ഒട്ടൊന്നുമല്ല ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്രോയ് വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ‘ലൂസിഫറി’നുണ്ട്. ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, മംമ്ത മോഹൻദാസ്, സാനിയ, നൈല ഉഷ, സായ്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വൻബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുജിത്ത് വാസുദേവാണ്. അടുത്തയാഴ്ച ചിത്രം തീയറ്ററുകളിലെത്തും. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT