തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈറാ നരസിംഹ റെഡ്ഡിയിലെ ‘ഓ സൈറ’ ടൈറ്റിൽ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി.തമന്നയും നയൻതാരയും ഒരുമിച്ചഭിനയിച്ച ഗാനത്തിൽ ചിരഞ്ജീവിയുടെ സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ദൃശ്യമികവിൽ മുന്നിട്ട് നിൽക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അമിത് ത്രിവേദി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും സുധിനി ചൗഹാനും ചേർന്നാണ്. എട്ട് പേർ ചേർന്നാണ് ഗാനത്തിന് കോറസ് പാടിയിരിക്കുന്നത്. 

സ്വാതന്ത്ര സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രമാണിത്. ഗോസായി വെങ്കണ്ണ എന്ന ആത്മീയ നേതാവിന്റെ വേഷത്തിൽ അമിതാഭ് ബച്ചനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. യോദ്ധാവായി വിജയ് സേതുപതിയും മഹാറാണിയായി നയൻതാരയും ചിത്രത്തിൽ വേഷമിടുന്നു.

വീരനും ബ്രിട്ടീഷുകാർക്കെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ് നരസിംഹ റെഡ്ഡി. ചരിത്രത്താളുകളിൽ എഴുതപ്പെടാതെ പോയ ഈ പോരാളിയുടെ ചൂടും ചൂരും ചേർന്ന ജീവിതകഥയാണ് ദൃശ്യമികവോടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിൽ റിലീസ് ചെയ്ത ഉടൻ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരേന്ദർ‍ റെഡ്ഡിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിരഞ്ജീവിയുെട 151–മത് ചിത്രവും റാം ചരണിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണിത്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നിങ്ങനെ നാലു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക.