ആദ്യം വിളിച്ചപ്പോൾ ഞെട്ടി, പിന്നെ വിറച്ചു: ഷാൻ റഹ്മാൻ പറയുന്നു
സംവിധായകൻ കമൽ ഒരുക്കുന്ന ‘പ്രണയമീനുകളുടെ കടൽ’ എന്ന ചിത്രത്തിലെ പാട്ടുകൾ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിൽ പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. മലയാളത്തിന് നിരവധി നിത്യഹരിത ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് കമൽ. ഒരിടവേളയ്ക്കു ശേഷം കമൽ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടൽ എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. തനിക്ക് അങ്ങനൊരു അവസരം കിട്ടിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങന:
‘സിനിമയിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ആളാണ് ' ഡയറക്ടർ കമൽ " ആ ചിത്രത്തിലെ ഗാനങ്ങളൊക്കെ മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. അപ്പോഴാണ് താരതമ്യേന ചലച്ചിത്ര ഗാനരംഗത്ത് പുതിയ ആളായ എന്നെ തേടി ആ സീനിയർ സംവിധായകന്റെ വിളി എത്തിയത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടി സംഗീതം ചെയ്യണമെന്ന് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ പേടിയും വിറയലും വൈറൽ ഫീവറുമൊക്കെ വന്നു പോയി. സ്ക്രിപ്റ്റിനോട് ചേർന്ന് നിൽക്കുന്ന ഗാനങ്ങളായിരിക്കണം എന്ന നിർദ്ദേശം മാത്രമാണ് മുന്നോട്ടു വെച്ചത്.’ ഷാൻ പറഞ്ഞു.
കാമുകൻ നീലാകാശം എന്ന് തുടങ്ങുന്ന ഗാനം മറ്റൊരാളെക്കൊണ്ട് പാടിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ഗാനത്തിന്റെ ട്രാക്ക് കേട്ടപ്പോൾ അത് ഷാൻ തന്നെ പാടിയാൽ മതിയെന്ന് പറഞ്ഞതും കമൽ തന്നെയാണ്. റഫീഖ് അഹമ്മദും,ഹരിനാരായണനും കുറിച്ച വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടിലേക്ക് കയറി കഴിഞ്ഞു.