യേശുദാസ് പറഞ്ഞു ‘ട്രാക്ക് വേണ്ട, നീ പാടിയാൽ മതി’
വെറും 17 വയസ്സിൽ സിനിമാ സംഗീത സംവിധായകനാവുക, അതും ആദ്യഗാനം യേശുദാസിനെക്കൊണ്ട് പാടിക്കുക! മലയാളത്തിലെ ഒരു സംഗീതജ്ഞനു സ്വപ്നം പോലും കാണാൻ കഴിയാത്ത തുടക്കമായിരുന്ന ബാലഭാസ്കറിന്റേത്. ആദ്യഗാനം പാടിയത് യേശുദാസ് ആണെങ്കിലും അതിനായി അദ്ദഹത്തെ നേരിൽ കണ്ടിരുന്നില്ല. ട്രാക്ക് അയച്ചു കൊടുക്കുകയും അദ്ദേഹം പാടി തിരികെ കൊടുക്കുകയുമായിരുന്നു. രണ്ടാമത്തെ സിനിമയ്ക്കാണ് യേശുദാസിനെ നേരിട്ട് കാണാൻ പോയത്.
യേശുദാസ് എന്ന മഹാമേരുവിന്റെ അടുക്കലേക്ക് നല്ല പേടിയോടെയാണു ബാലഭാസ്കർ പോയത്. പാടേണ്ട പാട്ട് തിരുവനന്തപുരത്തെ ഒരു ഗായകനെക്കൊണ്ട് ട്രാക്ക് പാടിച്ചു റിക്കോർഡ് ചെയ്തിരുന്നു.
ചെന്നൈയിൽ സ്റ്റുഡിയോയിലെത്തി അദ്ദേഹത്തെ കണ്ടു. പാട്ട് കേൾപ്പിച്ചു. പാട്ട് പുരോഗമിക്കുംതോറും യേശുദാസ് അസ്വസ്ഥനാകുന്നത് ബാലഭാസ്കർ ശ്രദ്ധിച്ചു. ഇപ്പോൾത്തന്നെ പൊയ്ക്കൊള്ളാൻ പറയും എന്നു ഭയന്നിരിക്കെ ദാസിന്റെ ചോദ്യം.
‘ഇതു നിനക്കു പാടാമോ?’
‘പാടാം’
‘എന്നാൽ ഒന്നു പാടിക്കേ’
യേശുദാസ് കയ്യിൽ കരുതിയിരുന്ന ചെറിയ ടേപ്പ് റിക്കോർഡർ ഓൺ ചെയ്തു, പാട്ട് പകർത്താൻ.
‘എന്റെ മുട്ടിടിച്ചു പോയി. ഒന്നാമതേ ഞാൻ പാട്ടുകാരനല്ല. കൂടാതെ യേശുദാസിനു മുന്നിൽ, അതും കൺസോളിൽ. ആരുടെയൊക്കെയോ പ്രാർഥനകൊണ്ടാവും, പാടി ഒപ്പിച്ചു.’ ആ അനുഭവത്തെപ്പറ്റി ബാലഭാസ്കർ പറഞ്ഞത് ഇങ്ങനെ. ‘അദ്ദേഹത്തിന് ഈണം ഇഷ്ടമായിരുന്നു. പക്ഷേ, ട്രാക്ക് പാടിയത് ഒട്ടും പിടിച്ചില്ല. മാത്രമല്ല, കുറെ സംഗതികളും കൊനഷ്ടുകളുമൊക്കെയുള്ള സംഗീതമായിരുന്നു അത്. അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ കൃത്രിമമായി ഉണ്ടാക്കിയതാണോ അതോ സംഗീതസംവിധായകന് അതൊക്കെ അറിയാമോ എന്നു പരീക്ഷിക്കാനാണ് എന്നെക്കൊണ്ടുതന്നെ പാടിച്ചത്.’
അദ്ദേഹം ബാലഭാസ്കർ പാടിയതു രണ്ടുമൂന്നു തവണ കേട്ടു. എന്നിട്ട് ചോദിച്ചു. ‘മോൻ എന്തു ചെയ്യുന്നു?’ തിരുവനന്തപുരത്ത് കോളജിൽ പഠിക്കുകയാണെന്ന് മറുപടി. ‘വേറെയൊന്നും ചെയ്യുന്നില്ലേ’യെന്ന് ദാസ് വീണ്ടും അന്വേഷിച്ചു. ‘വയലിൻ വായിക്കുമെന്നും കോളജിൽ ബാൻഡ് ഉണ്ടെ’ന്നും പറഞ്ഞു.
പാട്ടിലെ നൊട്ടേഷനുകളും സ്വരവുമൊക്കെ യേശുദാസ് വിശദമായി ചോദിച്ചു. ബാലഭാസ്കർ കൃത്യമായി മറുപടി പറഞ്ഞു. ‘അതൊന്നും അദ്ദഹത്തിന് അറിയാഞ്ഞിട്ടല്ല. എനിക്ക് അറിയാമോ എന്നു പരീക്ഷിച്ചതാണ്.’ ബാലഭാസ്കർ അനുസ്മരിച്ചു.
‘വയലിൻ വായിക്കുന്നതുകൊണ്ടാണു നിനക്കു നന്നായി പാടാൻ കഴിയുന്നത്. ഇനി മേലിൽ നിന്റെ പാട്ടൊന്നും മറ്റാരെക്കൊണ്ടും ട്രാക്ക് പാടിക്കേണ്ട. ഒരു മൈക്ക് വച്ച് നീ തന്നെ പാടിയാൽ മതി. അപ്പോൾ ജനറേഷൻ ലോസ് ഉണ്ടാവില്ല.’ യേശുദാസ് ഉപദേശിച്ചു.
കൂടിക്കാഴ്ചയുടെ തുടക്കത്തിൽ അസ്വസ്ഥനായിരുന്ന യേശുദാസ് ഈ ഘട്ടമെത്തിയപ്പോഴേക്കും വളരെ സൗഹൃദത്തിലായി. പാട്ടിന്റെ ഓരോ വരിയും പാടിയിട്ട് അദ്ദേഹം കൺസോളിൽനിന്നു ചോദിക്കുമായിരുന്നു. ‘ഇതു മതിയോ കണ്ണാ, ഇപ്പടി പോതുമാ?’
അങ്ങനെ, ഭയത്തിൽ ആരംഭിച്ച ബന്ധം ഊഷ്മളമായ സൗഹൃദത്തിലേക്കു വളർന്നു, തുടർന്നു.