എനിക്കു വയലിനെ പേടിയില്ല
സാക്ഷാൽ എ.ആർ. റഹ്‌മാനെപ്പോലും അതിശയിപ്പിച്ചിട്ടുണ്ട് ബാലഭാസ്ക്കറിന്റെ പ്രകടനം. ഒരിക്കൽ തിരുവനന്തപുരത്ത് ഒന്നിച്ചുള്ള ഒരു പരിപാടിക്കിടെ എ.ആർ. റഹ്മാൻ ഗ്രീൻ റൂമിലിരുന്ന് ബാലയോടു പറഞ്ഞു, ‘നിങ്ങൾ ഇവിടെ വളരെ പ്രസിദ്ധനാണല്ലോ... ആളുകളെല്ലാം നിങ്ങളെയാണു ചോദിക്കുന്നത്.’ ഇത്തരം സന്ദർഭത്തിൽ വാചാലനാകാറുള്ള ബാലഭാസ്കർ അന്നു വളരെ മിതഭാഷിയായി ഒന്നോ രണ്ടോ വാക്കുകളേ റഹ്‌മാനോടു പറഞ്ഞുള്ളൂ. ‘ചെന്നൈയിലേക്കു വരണം, നമുക്ക് പലതും ചെയ്യാനുണ്ട്’ എന്നു പറഞ്ഞാണ് എന്ന് എ.ആർ. റഹ്മാൻ മടങ്ങിയത്. റഹ്‌മാനുമൊത്ത് പ്രവർത്തിക്കാൻ ബാലുവും ആഗ്രഹിച്ചിരുന്നു. പക്ഷേ, അതു സഫലമാവുംമുൻപേ ബാലു കടന്നുപോയി.
ബാലഭാസ്കർ എന്ന പേരിനർഥം ഉദയസൂര്യൻ എന്നാണ്. പേരിനെ അന്വർഥമാക്കുന്നതായിരുന്നു ആ ജീവിതം. വളരെ ചെറിയ പ്രായത്തിലേ പ്രശസ്തിയുടെ കൊടുമുടികളിൽ കത്തിജ്വലിച്ചു അദ്ദേഹം. കാൽ നൂറ്റാണ്ടോളം കത്തിയ ആ സൂര്യൻ തികച്ചും അപ്രതീക്ഷിതമായി മറഞ്ഞപ്പോൾ ഇരുട്ടിലായത് ലക്ഷക്കണക്കിന് സംഗീതമനസ്സുകൾ.
ഇലക്ട്രിക് വയലിനിലൂടെ കാണികളെ ലഹരിപിടിപ്പിക്കുന്നതിനൊപ്പം കച്ചേരികളിൽ ശുദ്ധസംഗീതത്തിന്റ അച്ചടക്കം ചാരുതയോടെ പാലിക്കാനും ബാലഭാസ്കർ ശ്രദ്ധിച്ചു. രണ്ടിനെപ്പറ്റിയും അദ്ദേഹത്തിനു വ്യക്തമായ വീക്ഷണം ഉണ്ടായിരുന്നു. അതെപ്പറ്റി പറഞ്ഞത് ഇങ്ങനെ: ‘അതു രണ്ടും രണ്ടു തരത്തിലാണ്. ഫ്യൂഷനിൽ നിയമത്തിന്റെ വേലികളില്ല, സ്വാതന്ത്ര്യമുണ്ട്. എന്നാൽ സ്വാതന്ത്ര്യം കൂടുതലെടുത്തു കുളമാക്കിയാൽ കഴിഞ്ഞു. അതുകൊണ്ടു സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുതന്നെ സംഗീതത്തിന്റെ അപാര അനുഭവം പങ്കുവയ്ക്കാനാണു ഞാൻ ശ്രമിക്കുക. എന്നാൽ ശാസ്ത്രീയ സംഗീത കച്ചേരികൾക്കു നിയതമായൊരു രൂപമുണ്ട്. അതിൽനിന്നു വ്യതിചലിക്കാൻ പാടില്ല. അതിന്റെ ഉള്ളിൽ നിൽക്കുമ്പോഴും ഞാൻ സന്തോഷിക്കുന്നു. രണ്ടിന്റെയും ഭംഗിയും ഞാൻ ആസ്വദിക്കുന്നു’
എങ്ങനെ ഇത്ര നന്നായി വയലിൻ വഴങ്ങുന്നുവെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘എനിക്കു വയലിനെ പേടിയില്ലെന്നാ’യിരുന്ന അദ്ദേഹത്തിന്റെ മറുപടി.