വയലിൻ മാന്ത്രികൻ എന്ന വാക്കിനു പകരം വയ്ക്കാൻ മലയാളികൾക്ക് ഒരൊറ്റ പേരു മാത്രമേയുള്ളൂ, ബാലഭാസ്കർ! അദ്ദേഹത്തിനു മുൻപും ശേഷവും എന്ന വിധത്തിൽ വയലിൻ സംഗീതത്തെ അടയാളപ്പെടുത്തുന്ന നിലയിലേക്ക് ആ പേര് മാറിക്കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള ഓരോ ഒക്ടോബർ മാസവും ആ സംഗീതമാന്ത്രികന്റെ നൊമ്പരപ്പെടുത്തുന്ന ഓർമകളിലൂടെയാകും ആരാധകർ കടന്നു പോകുക. അങ്ങനെയൊരു ഓർമ മനോരമ ഓൺലൈനുമായി പങ്കു വയ്ക്കുകയാണ് ഗായിക സംഗീത ശ്രീകാന്ത്. 

മറക്കാനാവാത്ത ഇന്ത്യൻ പര്യടനം

group-photo

14 വർഷം മുൻപാണ് ആദ്യമായി ബാലുചേട്ടനുമൊത്ത് ഒരു സംഗീതയാത്ര നടത്തുന്നത്. സൂര്യ കൃഷ്ണമൂർത്തി സാറിന്റെ 'പ്രണാമം' എന്ന നൃത്ത–സംഗീതപരിപാടിയുടെ ഭാഗമായുള്ള ഇന്ത്യൻ പര്യടനമായിരുന്നു അത്. ദീപ്തി, ബാലുചേട്ടൻ, ലക്ഷ്മി ചേച്ചി പ്രകാശ് ഉള്ളിയേരി, ജോബോയ് മാഷ്, ഗിറ്റാറിസ്റ്റ് ജോസി അങ്ങനെ കുറെപ്പേരുണ്ടായിരുന്നു. ആ യാത്രയിൽ ഞങ്ങൾ ഏഴുപേർ ഉള്ള ചിത്രമാണ് ഇന്ന് ദീപ്തി ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. ഞങ്ങളൊരു ടീമായിരുന്നു. 

ഒരു കുടുംബം പോലെ

സൂര്യ കൃഷ്ണമൂർത്തി സാറിന്റെ പരിപാടിക്ക് പോയാൽ വളരെ സാധാരണ രീതിയിലുള്ള താമസവും യാത്രകളുമാണ്. ഞങ്ങൾ ട്രെയിനിലാണ് ഇന്ത്യൻ പര്യടനം നടത്തിയത്. മൂർത്തി സാറും ഞങ്ങളുടെ കൂടെയുണ്ടാകും. ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ. പ്രത്യേകിച്ച് ഞങ്ങൾ ഏഴുപേർ. എന്റെ അമ്മയും ആ യാത്രയിൽ ഒപ്പമുണ്ടായിരുന്നു. അമ്മയുടെ പേരും ബാലുചേട്ടന്റെ അമ്മയുടെ പേരും ഒന്നാണ്. അവരുടെ ജന്മ നക്ഷത്രവും അങ്ങനെ തന്നെ. ബാലുചേട്ടന് സ്വന്തം അമ്മയെപ്പോലെയായിരുന്നു എന്റെ അമ്മ. ഇത് 'എന്റെ അമ്മ തന്നെയാണ്' എന്നൊക്കെ ബാലുചേട്ടൻ ഇടയ്ക്കിടയക്ക് പറയുമായിരുന്നു.

വേദിയിൽ കയറിയാൽ പിന്നെ മാജിക്

പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ ബാലുചേട്ടന് പ്രത്യേകമായൊരു വൈദഗ്ധ്യം ഉണ്ടായിരുന്നു. വേദികളിൽ ബാലുചേട്ടൻ പല കാര്യങ്ങളും സമചിത്തതയോടെ നേരിടുന്നതു കണ്ടിട്ട് അദ്ഭുതം തോന്നിയിട്ടുണ്ട്. പരിപാടി നടക്കുമ്പോൾ അക്കാര്യം ആരും അറിയുക പോലുമില്ല. എല്ലാം കഴിഞ്ഞാകും അങ്ങനെയൊരു കാര്യം അവിടെ സംഭവിച്ചെന്ന് മനസിലാകുക. ഏതു പ്രതിസന്ധിയിലും പ്രകടനം മെച്ചപ്പെടുത്തുകയെന്നത് ബാലുചേട്ടന്റെ ശീലമായിരുന്നു. ഒരിത്തിരി കിട്ടിയാൽ മതി, അതിൽ നിന്നൊരു പ്രപഞ്ചം ഉണ്ടാക്കും. കൂടാതെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിലും അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

വേദിക്കു പിന്നിലെ ബാലുചേട്ടൻ

സ്റ്റേജിൽ കയറുന്നതിനു മുൻപ് വളരെ പോസിറ്റീവ് ആയിരിക്കും അദ്ദേഹം. ബാലുചേട്ടൻ നല്ല ഊർജ്ജത്തിലാകും നിൽക്കുക. ആ ഊർജ്ജം നമ്മിലേക്കും പകരും. ലക്ഷ്മി ചേച്ചിയെ എപ്പോഴും വിളിച്ചിട്ടാണ് സ്റ്റേജിലേക്ക് കേറുക. ലക്ഷ്മീ എന്ന് നീട്ടി വിളിക്കും. ലക്ഷ്മി ചേച്ചി എപ്പോഴും അടുത്തു തന്നെ വേണം. പിന്നെ, അച്ഛനമ്മമാരെയും ഗുരുക്കന്മാരെയും ഓർക്കും. അതൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. നെഞ്ചിൽ കൈവച്ച് കുറച്ചു നേരം കണ്ണടച്ചു നിൽക്കും. അന്നത്തെ ഒരു മാസം നീണ്ട ഇന്ത്യൻ പര്യടനത്തിൽ സ്റ്റേജിൽ കയറുന്നതിനു മുൻപ് എന്റെ അമ്മയുടെ കാൽതൊട്ട് വന്ദിച്ചിരുന്നു. ബാലുചേട്ടന്റെ അമ്മയെപ്പോലെയാണ് എന്റെ അമ്മ എന്നു പറഞ്ഞുകൊണ്ടായിരുന്നു അങ്ങനെ ചെയ്തിരുന്നത്. ആ സമയത്ത്, അദ്ദേഹം അമ്മയെ വല്ലാതെ മിസ് ചെയ്തിരുന്നു.

പുഞ്ചിരിയോടെ അല്ലാതെ കണ്ടിട്ടില്ല

ബാലുചേട്ടനെ എപ്പോഴും പുഞ്ചിരിയോടെ മാത്രമേ കണ്ടിട്ടുള്ളൂ. അന്നത്തെ ഇന്ത്യൻ പര്യടനം പോലെ ഒരു പരിപാടി പിന്നീട് ഉണ്ടായിട്ടില്ല. അതിനുശേഷം എന്റെ വിവാഹം കഴിഞ്ഞു. വീണ്ടും വേദികളിൽ വച്ചു കാണുമ്പോൾ അന്നത്തെ അതേ സ്നേഹത്തോടും അടുപ്പത്തോടെയുമാണ് അടുത്തു വന്ന് സംസാരിക്കുക. അവസാനം വരെ അതിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ബാലുചേട്ടനെക്കുറിച്ച് എനിക്കു വളരെ കുറച്ചു ഓർമകളെ ഉള്ളൂ. എന്നെക്കാളേറെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നിരവധി പേരുണ്ട്. എങ്കിലും, അദ്ദേഹവുമായുള്ള എല്ലാ ഓർമകളും എനിക്ക് അമൂല്യമാണ്.  

Show comments