ഈ പാട്ട് ഞങ്ങളുടെ ഹൃദയവും ആത്മാവുമാണ്, പ്രിയങ്ക ചോപ്ര പറയുന്നു
ഒരിടവേളയ്ക്ക് ശേഷം പ്രിയങ്ക ചോപ്ര ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ 'ദ സ്കൈ ഈസ് പിങ്കി’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. 'സിന്ദഗി...' എന്ന് തുടങ്ങുന്ന ഗാനമാണ് യുട്യൂബിലെത്തിയത്. പ്രിയങ്ക ചോപ്ര, ഫര്ഹാന് അക്തര്‍, സൈറ വസീം, രോഹിത് സരഫ് എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. പ്രീതം ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് അർജിത് സിംഗ് ആണ്.
പതിമൂന്നാം വയസില്‍ ശ്വാസകോശ സംബന്ധമായ ഫൈബ്രോസിസ് രോഗം നിര്‍ണയിക്കപ്പെട്ടിട്ടും ജീവിതത്തില്‍ മുന്നേറി 'മോട്ടിവേഷണല്‍ സ്പീക്കർ' ആയി മാറി അയിഷ ചൗധരിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ദ സ്കൈ ഈസ് പിങ്ക്. സൈറ വസീമാണ് അയിഷ ചൗധരിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൈറയുടെ അമ്മയുടെ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.
'അയിഷ എന്ന വാക്കിനർത്ഥം ജീവിതമെന്നാണ്. ഈ പാട്ട് ഞങ്ങളുടെ ആത്മാവും ഹൃദയവുമാണ്’ എന്ന അടിക്കുറിപ്പോടെ പുതിയ ഗാനം പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. തന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈറയുടെ ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഷൊണാലി ബോസാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഷൊണാലിക്കൊപ്പം നിലേഷ് മനിയറും തിരക്കഥാ രചനയിൽ പങ്കു ചേർന്നിട്ടുണ്ട്. എസ് കെ ഗ്ലോബല്‍, പര്‍പ്പിള്‍ പെബിള്‍ പിക്ചേഴ്സുമായി സഹകരിച്ച് ആര്എസ്്പിയും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.