ഗായകൻ അനിരുദ്ധിന് ജന്മദിനാശംസകൾ നേർന്ന് കവർ ഗാനം
തെന്നിന്ത്യൻ ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദറിന് പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് യുവഗായകരുടെ കവർ ഗാനം. തൃശൂർ സ്വദേശികളും ഗായകരുമായ ഷാർലറ്റും ശ്രീരാഗും ചേർന്നാണ് കവർ ഗാനം ഒരുക്കിയിരിക്കുന്നത്. 'കാക്കി സട്ടൈ' എന്ന ചിത്രത്തിനു വേണ്ടി അനിരുദ്ധ് ഈണമിട്ട് ശക്തിശ്രീ ഗോപാലനൊപ്പം ആലപിച്ച 'കാതൽ കൺ കെട്ടുതെ' എന്ന ഗാനമാണ് പിറന്നാൾ ആശംസകൾ നേരുന്നതിന് തിരഞ്ഞെടുത്തത്.
അനിരുദ്ധിനോടു ഇത്രയും ഇഷ്ടം തോന്നാനുള്ള കാരണവും ശ്രീരാഗ് പങ്കുവച്ചു. "അനിരുദ്ധിന്റെ മ്യൂസിക് അറേഞ്ച്മെന്റ്സ് അതിഗംഭീരമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഉപകരണങ്ങളാകും അദ്ദേഹം ഉപയോഗിക്കുക. ഒരു രക്ഷയുമില്ലാത്ത അറേഞ്ച്മെന്റ്സ് എന്നു പറയാം. ആദ്യം കൊലവെറി എന്ന ഗാനം ചെയ്തപ്പോൾ പലരും കരുതിയത് അത്തരം ചില പാട്ടുകൾ മാത്രമായിരിക്കും അദ്ദേഹത്തിന് ചെയ്യാൻ കഴിയുക എന്നാണ്. പക്ഷേ, അവരുടെ ധാരണകൾ തെറ്റായിരുന്നെന്ന് തന്റെ കരിയറിലൂടെ അദ്ദേഹം തെളിയിച്ചു," ശ്രീരാഗ് പറഞ്ഞു.
'കാതൽ കൺ കെട്ടുതെ' എന്ന ഗാനം അനിരുദ്ധ് ചെയ്തതിൽ നിന്നും ചെറിയ മാറ്റങ്ങൾ വരുത്തിയാണ് കവർ ചെയ്തത്. പാട്ടിന്റെ റിഥം മാറ്റിക്കൊണ്ടൊരു ശൈലി സ്വീകരിക്കുകയായിരുന്നെന്നും ശ്രീരാഗ് കൂട്ടിച്ചേർത്തു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ 'സൂപ്പർ ഫോ'ർ വിജയി ശ്രീഹരിയുടെ ബാൻഡിന്റെ (ശ്രീഹരി എസംബിൾ) ഭാഗമാണ് ഷാർലറ്റും ശ്രീരാഗും. ശ്രീഹരിയുടെ സഹോദരനാണ് ഗായകൻ ശ്രീരാഗ്.