വാക്കുകളിൽ ഒതുക്കാൻ പറ്റാത്തതാണ് ഇടുക്കിയുടെ സൗന്ദര്യം. ഇടുക്കിയിലെ കാറ്റും കാടും മഞ്ഞുമല്ലാം സഞ്ചാരികളുടെ സ്വപ്നമാണ്. പാടിയും പറഞ്ഞും പലരും പലവിധത്തിൽ ഇടുക്കിയെ വർണ്ണിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇടുക്കിക്കാർ തന്നെ തങ്ങളുടെ ദേശസൗന്ദര്യം വരച്ചിടുന്ന ഒരു ഗാനവുമായി എത്തുന്നു. ‘ഇടുക്കി തൻ ചേല്’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. കുവൈത്തിലെ ഇടുക്കിസ്വദേശികളാണ് ഗാനത്തിന്റെ അരങ്ങിലും അണിയറയിലും. 

മനതാതു തണുക്കും മഴപെയ്യണ നേരം 

മഞ്ഞിൻ കണമുതിരും പെരിയാറിൻ തീരം

കതിരോനൊരു കോണിൽ തലപൊക്കും നേരം

പൊന്നിൻ പ്രഭയോടങ്ങിടുക്കിതൻ ചേല്......’

ഓരോ വാക്കിലും വരിയിലും ഇടുക്കിയുടെ സൗന്ദര്യം തുളുമ്പുന്നു എന്നാണ് ശ്രോതാക്കളുടെ അഭിപ്രായം. സിജോ എം. എബ്രഹാം ആണ് ഗാനത്തിന്റെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ഗാനത്തിന്റെ ആശയവും സിജോയുടേതാണ്. ജോബി ജോസഫിന്റെ വരികള്‍ക്ക് സംഗീതം പകർന്ന് ആലപിച്ചിരിക്കുന്നത് സ്കറിയ ജേക്കബ്. കുവൈത്തിലെ ഇടുക്കി അസോസിയേഷനാണ് ഗാനത്തിന്റെ നിർമാണം.  

തലയിൽ തോർത്ത് കെട്ടി കൈലിമുണ്ടുടുത്ത് പറമ്പിൽ കിളയ്ക്കുന്ന കർഷകരും പാടത്തു മേയുന്ന പശുക്കളുമൊക്കെയായി ഗ്രാമീണജീവിതത്തിന്റെ ജീവനുള്ള ചിത്രങ്ങൾ ഗാനരംഗത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയുടെ ആകാശദൃശ്യത്തോടെയാണ് ഗാനം അവസാനിക്കുന്നത്.