അവളുടെ കൊലുസ്സിന്റെ താളമായിരുന്നു എന്റെ ബാല്യത്തിന്. ഒരു നിമിഷം പോലും അവള്‍ എന്നെ പിരിഞ്ഞിരുന്നില്ല. സഹോദരസ്നേഹത്തിന്റെ മനോഹാരിതയുമായി എത്തുകയാണ് പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയിലെ ‘ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ....’ എന്നു തുടങ്ങുന്ന ഗാനം. ബി.കെ ഹരിനാരായണന്റേതാണ് വരികൾ. 4മ്യൂസിക്സ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് കൊല്ലം. യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം പ്രസിദ്ധനാക്കിയ ഗായകനാണ് അഭിജിത്ത്. ഗാനത്തിന്റെ വരികളും സംഗീതവും മികവു പുലർത്തുന്നതായാണ് ആസ്വാദകരുടെ അഭിപ്രായം. 

അനിയത്തിയെ വിവാഹം കഴിപ്പിച്ച് അയക്കുമ്പോഴുണ്ടാകുന്ന ദു:ഖമാണ് ഗാനത്തിന്റെ പശ്ചാത്തലം. പ്രയാഗ മാർട്ടിനാണ് പൃഥ്വിരാജിന്റെ സഹോദരിയായെത്തുന്നത്. പൃഥ്വിരാജ് കരയുമ്പോൾ അറിയാതെ കണ്ണു നിറയുന്നു എന്നാണ് ആരാധകരുടെ കമന്റുകൾ. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. 

കലാഭവൻ ഷാജോൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമിച്ചിരിക്കുന്നു. ഐശ്വര്യ ലക്ഷ്മി, മഡോണ സബാസ്റ്റ്യൻ, പ്രയാഗ മാർട്ടിന്‍ എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്.