ആ നല്ല സൗഹൃദത്തിന്റെ ഓർമകൾ പങ്കുവച്ച് എം.ജയചന്ദ്രൻ
എം. എ നിഷാദിന്റെ സംവിധാനത്തിലൊരുങ്ങിയ ‘തെളിവ്’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടയിൽ നിഷാദുമായുള്ള സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കു വച്ചിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ എം.ജയചന്ദ്രൻ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം നിഷാദുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലനായത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ തുടക്കം മുതലുള്ള അനുഭവങ്ങൾ കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
എം.ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘ഇത് സൗഹൃദം അടയാളപ്പെടുത്തുന്ന ''തെളിവ്''.
തെളിവ് എന്ന സിനിമ കേരളത്തിൽ പ്രദർശനം തുടരുമ്പോൾ ,എനിക്കും ചിലത് പറയാനുണ്ട്. അത് എന്റെ സുഹൃത്ത് എം എ നിഷാദിനെ പറ്റിയാണ്. അത് വർഷങ്ങളുടെ പഴക്കമുളള സൗഹൃദം. ഇന്നും പുതുമയോടെ കാത്ത് സൂക്ഷിക്കുന്ന സൗഹൃദം. മാർ ഇവാനിയോസ് കോളേജ് കാലത്തെ, എസ് എഫ് ഐ സമര മുഖത്താണ് ഞാൻ അവനെ ആദ്യമായി കാണുന്നത്. പിന്നീട്, ടി കെ എം എഞ്ചിനിയറീംഗ് കോളേജിലെ വരാന്തകളിലും,ക്യാൻറ്റീനിലും,(ക്ളാസ്സ് മുറികളിലല്ല ) സിനിമാ തീയറ്ററുകളിലും, തിരുവനന്തപുരത്തിലേക്കുളള ട്രെയിൻ യാത്രകളിലുമായി ഞങ്ങളുടെ സൗഹൃദം വളർന്നു. അവന്റെ മനസ്സിൽ സിനിമയും എന്റെ മനസ്സിൽ സംഗീതവും ഒരു ലഹരിയായ കാലം. വർഷങ്ങൾക്കിപ്പുറം ഒരു നിമിത്തം പോലെ ഞങ്ങൾ ആഗ്രഹിച്ച സിനിമാ രംഗത്ത് ദൈവം എത്തിച്ചു. നിഷാദ് സംവിധാനം ചെയ്ത ‘വൈരം’ മുതലുളള എല്ലാ സിനിമകളിലും സംഗീതം ചെയ്തത് ഞാനാണ്.‘തെളിവി’ൽ പക്ഷെ പാട്ടുകൾ കല്ലറ ഗോപൻ ചേട്ടൻ ചെയ്തപ്പോൾ പശ്ചാത്തല സംഗീതമൊരുക്കാനാണ് എന്നെ വിളിച്ചത്. നിഷാദിന്റെ സിനിമ എന്റെ അവകാശമാണ്. അതവനുമറിയാം.
തെളിവിന്റെ ബി ജി എം ചെയ്യുന്നതിന് മുമ്പ് ഞാൻ സിനിമയിട്ട് കണ്ടു. അവനെ വിളിച്ച് ഞാൻ ആദ്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു..''എടാ നിന്നെ കുറ്റം പറയാനുളള ഒന്നും കാണുന്നില്ല എന്ന വിഷമം മാത്രമേ എനിക്കുളളൂ''. അതെ, തെളിവ് ഒരു വെല്ലുവിളിയായി തന്നെ ഞാനേറ്റെടുത്തു. ഒരുപാട്,സങ്കീർണ്ണമായ തലങ്ങളിലായിരുന്നു സിനിമ സഞ്ചരിച്ചത്. അത് കൊണ്ട് തന്നെ പശ്ചാത്തല സംഗീതത്തിന് ഒരുപാട് സാധ്യതകളും ഈ സിനിമ ആവശ്യപ്പെടുന്നു.
നല്ലൊരു ട്രീറ്റ്മെന്റാണ്. സംവിധായകന്റെ കൈയ്യൊപ്പ് ചാർത്തിയ സിനിമ. നിഷാദിന്റെ വൈരത്തിന് ശേഷമുളള മികച്ച സിനിമ തന്നെയാണ് ''തെളിവ്''. സുഹൃത്തെന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നുന്നു. കേരളമാകെ നല്ല അഭിപ്രായം ആണെന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം. നല്ല സിനിമകൾ വിജയിക്കട്ടെ. കുടുംബ പ്രേക്ഷകർ കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ''തെളിവ്''.’
സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ സിനിമയാക്കി ശ്രദ്ധനേടിയ സംവിധായകനാണ് എം.എ. നിഷാദ്. എന്നാൽ ഇത്തവണ പതിവുരീതികളെ അദ്ദേഹം പൊളിച്ചെഴുതുന്നു. ലാലും ആശാ ശരതും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് തെളിവ്. ഇരുവരും ജോടിയായെത്തുന്ന ആദ്യ ചിത്രം കൂടിയാണിത്. ചെറിയാൻ കൽപ്പകവായിടുടേതാണ് തിരക്കഥ. രഞ്ജി പണിക്കർ, ജോയ് മാത്യു, നെടുമുടി വേണു, മണിയൻപിള്ള രാജു, സുധീർ കരമന, സുനിൽ സുഗദ, സിജോയ് വർഗീസ്, മാല പാർവതി, പോളി വിൽസൺ തുടങ്ങഇയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.