പിന്നണി ഗായിക ജ്യോത്സ്നയുടെ ബാൻഡിന്റെ ആദ്യ ഗാനം പുറത്തിറങ്ങി
പിന്നണി ഗായിക ജ്യോത്സ്നയുടെ മ്യൂസിക് ബാൻഡ് ആയ ‘ജെ നോട്ട്’ ഒരുക്കുന്ന ആദ്യ ഗാനമായ ‘പറന്നേ’ പുറത്തിറങ്ങി. ജ്യോത്സ്ന തന്നെ വരികളെഴുതി ഈണം പകർന്ന് ആലപിച്ച ഇൗ ഗാനം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗായിക പുറത്തിറക്കിയത്. എല്ലാവരും അവരവരുടെ ഉള്ളിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് സ്വയം പറന്നുയരാൻ ശ്രമിക്കണം എന്ന സന്ദേശമാണ് ഗാനത്തിലൂടെ ഗായിക പറഞ്ഞു വയ്ക്കുന്നത്.
അഗ്നിയിൽ എരിഞ്ഞാലും അതിൽ നിന്നൊക്കെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ കഴിവുള്ളവരാണ് എല്ലാവരും എന്ന് ഗാനത്തിലൂടെ ഓർമിപ്പിക്കുകയാണ് ഗായിക. യുവ പാട്ടെഴുത്തുകാരൻ വിനായക് ശശികുമാറുമായി ചേർന്നാണ് ജ്യോത്സ്ന ഗാനത്തിന് വരികളൊരുക്കിയത്. തന്റെ മ്യൂസിക് ബാൻഡിന്റെ ആദ്യത്തെ വിഡിയോ ഗാനമാണിതെന്നും അതിൽ താൻ ഏറെ അഭിമാനിക്കുവെന്നും അതിലേറെ സന്തോഷിക്കുവെന്നും പറഞ്ഞ് ഗായിക ഫെയ്സ്ബുക്കിൽ ലൈവിൽ വന്നിരുന്നു. എല്ലാവരും വിഡിയോ ഗാനം കാണണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ജ്യോത്സ്ന അഭ്യർഥിച്ചിരുന്നു.
ഗിൽബേർട്ട് സേവ്യർ ആണ് ഗാനത്തിന്റെ സംവിധായകൻ. അശ്വിൻ കൗശൻ ചിത്രീകരിച്ച ഗാനം എഡിറ്റ് ചെയ്തത് വൈശാഖ് പണിക്കർ ആണ്. ഗാനം റിലീസ് ചെയ്ത ഉടൻ തന്നെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നത്.